വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം; സമരപാതയിൽ കർഷകർ


എരുമേലി/മുണ്ടക്കയം ∙ വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നു കാർഷിക മേഖലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കർഷകർ സമരത്തിലേക്ക്. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണു സമരം ആരംഭിക്കുന്നത്. ഏഞ്ചൽവാലിയിലും ആറാട്ടുകയത്തും കർഷകർ ജ്വാല തെളിച്ചു പ്രതിഷേധസമരം നടത്തി.     കിഴക്കൻ മലയോര മേഖലകളിൽ ആന, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വനാതിർത്തികളിൽ ഉള്ള സോളർ വേലികൾ പലതും നശിച്ച നിലയിലാണ്. നാട്ടിലേക്ക് ആന ഇറങ്ങുന്നതു തടയാൻ ശാസ്ത്രീയ മാർഗങ്ങൾ പരാജയപ്പെടുന്നതോടെ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. 

ഏഞ്ചൽവാലി മേഖലകളിൽ കാട്ടാനകളെ തുരത്താൻ വനപാലകർ വെടിയൊച്ച മുഴക്കുന്നുണ്ട്.  എന്നാൽ വെടിയൊച്ച കേട്ടു പിൻവാങ്ങുന്ന ആനകൾ വൈകാതെ തിരികെയെത്തും. ആനകളുടെ സാന്നിധ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നതിനാൽ ആളുകൾ കുളിക്കാനും തുണി നനയ്ക്കാനും എത്താൻ ഭയപ്പെടുന്നു. 2 മാസം മുൻപ് കുളിക്കാനും വസ്ത്രം നനയ്ക്കാനും എത്തിയവരുടെ ഓട്ടോറിക്ഷ ആന കുത്തിമറിച്ചിരുന്നു. കാളകെട്ടിയിൽ ശബരിമല തീർഥാടകർക്കായി  നിർമിച്ച താൽക്കാലിക തടയണ ആനകളുടെ വിഹാരകേന്ദ്രമാണ്. കാട്ടുതീയെത്തുടർന്നു വൻതോതിലാണ് ആനകളുടെ ആഹാരങ്ങളായ വയറയും ചണ്ണയും അടക്കമുള്ളവ നശിച്ചത്.    വനത്തിലെ ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതും വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിൻപുറത്തേക്ക് എത്തുന്നതിനു കാരണമാവുന്നു.  ഈ സാഹചര്യത്തിലാണു കേരള കർഷക സംരക്ഷണ സമിതി, പുരുഷ സ്വാശ്രയസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. 

കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വനാതിർത്തി മുഴുവൻ കിടങ്ങുകൾ  വേണമെന്നും ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി കർഷക സംരക്ഷണ സമിതി അറിയിച്ചു. നിലവിൽ വനാതിർത്തിയിലുള്ള ഫെൻസിങ് കാര്യക്ഷമമല്ലെന്നും സമിതി ആരോപിച്ചു.

 സോളർ വേലിയുണ്ട്, പക്ഷേ

ശബരിമല വനത്തോട് അതിർത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ നാളുകളിലായി കാട്ടാനശല്യം രൂക്ഷമായിരുന്നു. കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് സോളർ വേലി സ്ഥാപിക്കുന്ന പദ്ധതി വനാതിർത്തികളിൽ പൂർത്തിയായി വരികയാണ്. എന്നാൽ വേലിയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനുള്ള തുടർനടപടികൾ ഇല്ലാത്തതാണ് ഇപ്പോൾ കർഷകരുടെ ആശങ്ക. സൗരവേലികൾ പല സ്ഥലങ്ങളിലും കാടുകയറിയ നിലയിലാണ്. ഇവ പരിപാലിക്കാൻ വ്യക്തമായ പദ്ധതി വേണമെന്നും ആവശ്യമുണ്ട്.

 മുളവേലി ജലരേഖയായി

കോരുത്തോട് കണ്ടങ്കയം ഭാഗത്ത് ആനയിറങ്ങി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. തുടർന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയും കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പല തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. അഴുതയാറിനോട് അതിർത്തി പങ്കിടുന്ന പ്രദേശത്ത് മുള നട്ടുവളർത്തി വേലി ഉണ്ടാക്കാൻ നടപടി സ്വീകരിക്കണം എന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ ഇതിന്റെ തുടർനടപടികൾ എങ്ങും എത്തിയില്ല. 

കൊമ്പുകുത്തി മേഖലയിൽ സ്ഥിരമായി ആനയുടെ ശല്യമുള്ള പ്രദേശത്ത് സോളർ വേലി സ്ഥാപിച്ചു.      എന്നാൽ വേലി തകർത്ത് ആന നാട്ടിലിറങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു.      കൊമ്പുകുത്തിയിൽ പ്രധാന റോഡിൽ ആനയിറങ്ങി കടകൾ ഉൾപ്പെടെ നശിപ്പിച്ച സംഭവം ഉണ്ടായി.      ഇതോടെ ഇൗ മേഖലയിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തണം എന്നും ആവശ്യമുണ്ട്.

 നാട്ടിൽ നിന്ന് നഗരത്തിലേക്ക് കാട്ടുപന്നികൾ

കോരുത്തോട് മേഖലയിൽ കാട്ടുപന്നിശല്യവും രൂക്ഷമാകുന്നു. ശബരിമല വനത്തിൽ നിന്ന് എത്തുന്ന പന്നികൾ ഇപ്പോൾ പകൽസമയങ്ങളിൽ ടൗൺ മേഖലകളിൽ വരെ എത്തുന്നുണ്ട്.     മുൻപ് രാത്രികാലങ്ങളിൽ കൃഷികൾ നശിപ്പിക്കുന്നത് വ്യാപകമായിരുന്നു.      എന്നാൽ ജനവാസ മേഖലയിൽ പകൽ സമയങ്ങളിലും പന്നികൾ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.   ഇതുവരെ ജനങ്ങളുടെ നേരെ ആക്രമണം ഉണ്ടായിട്ടില്ല. 2 മാസം മുൻപ് കൂട്ടിക്കൽ പഞ്ചായത്തിന്റെ ഇളംകാട് മേഖലയിൽ കാട്ടുപന്നി ഇറങ്ങി പകൽ സമയത്ത് നാട്ടുകാരെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു.            ഇൗ സാഹചര്യങ്ങൾ നിലനിൽക്കെ ഇപ്പോൾ ഭീതിയിലാണ് നാട്