വമ്പിൽ മുന്നിൽ ഗജകേസരി; ഓർമകളിൽ ചിറക്കടവ് കൃഷ്ണൻകുട്ടി


പൊൻകുന്നം ∙ ആറാട്ട് തിടമ്പ് ശിരസ്സിലേറ്റാൻ കാത്തു നിൽക്കുന്നതിന് ഇടയിൽ മിന്നലേറ്റ് ചരിഞ്ഞ ഗജവീരൻ കൃഷ്ണൻകുട്ടിയുടെ നേർക്കാഴ്ചയാണ് ചിറക്കടവ് വിലങ്ങുപാറ സി.എസ്.മധുവിന്റെ വീട്ടു മുറ്റത്തെ ‘ചിറക്കടവ് കൃഷ്ണൻകുട്ടി ’ എന്ന നാട്ടാന ശിൽപം. ചിറക്കടവ് മഹാദേവനെ കൂടുതൽ തവണ ശിരസ്സിലേറ്റിയ ഗജവീരൻ കൃഷ്ണൻകുട്ടി 2014ൽ പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിന് തിടമ്പേറ്റാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ആനയുടെ ശിൽപം നിർമിക്കാൻ തയാറെടുപ്പ് നടത്തുന്നതിന് ഇടയിൽ 39 വർഷം കൃഷ്ണൻകുട്ടിയുടെ പാപ്പാൻ ആയിരുന്ന ചുക്കനാനിൽ ശശിധരൻ നായരാണ് കൃഷ്ണൻ കുട്ടിയുടെ രൂപ ഭാവത്തിൽ നിർമിക്കാനുള്ള പ്രചോദനം നൽകിയത് എന്ന് മധു പറയുന്നു.

ഒന്നര ലക്ഷം രൂപ ചെലവിൽ 21 ദിവസം കൊണ്ടാണ് ചിറക്കടവ് കൃഷ്ണൻകുട്ടിയുടെ ശിൽപം നിർമിച്ചത്. ചരിഞ്ഞ ആനയുടെ അതേ ഉയരത്തിലും രൂപത്തിലും ആണ് നിർമാണം നടത്തിയത്. ശശിധരൻ നായർ ദിവസവും എത്തി ആനയുടെ വിശദാംശങ്ങൾ ശിൽപി സുഭാഷ് കൊരട്ടിക്കു നൽകിയിരുന്നു. വെയിലും മഴയും ഏൽക്കാതിരിക്കാൻ ആനക്കൊട്ടിൽ നിർമിച്ച് അതിന് ഉള്ളിലാണ് ‘ചിറക്കടവ് കൃഷ്ണൻകുട്ടി ’ വിശ്രമിക്കുന്നത്.

9.5 അടി ഉയരം, വിടർന്ന ചെവി, നിലത്തിഴയുന്ന തുമ്പി, ഉയർന്ന വായു കുംഭം, വിടർന്ന തലക്കുന്നി, ഒരൽപം മുകളിലേക്കു വളഞ്ഞ ലക്ഷണം ഒത്ത കൊമ്പുകൾ, ഉരുണ്ടു കൊഴുത്ത ശരീരം, നീളമേറിയ രോമം ഉള്ള വാല്, വിടർന്ന ചെവി, 18 നഖങ്ങൾ ഉൾപ്പെടെ കൃഷ്ണൻകുട്ടിയുടെ അഴക് അളവുകൾ എല്ലാം പാലിച്ചാണ് ശിൽപം നിർമിച്ചിരിക്കുന്നത്.ചിറക്കടവിലെ ചാപ്പമറ്റം കുടുംബം കോടനാട് കോടനാട് ആന പരിശീലന കേന്ദ്രത്തിൽ അവസാനം നടന്ന ലേലത്തിൽ വാങ്ങിയ ആനക്കുട്ടി ആണ് കൃഷ്ണൻകുട്ടി. ചിറക്കടവ് തിരുവപ്പള്ളിൽ വുഡ് ഇൻഡസ്ട്രീസ് ഉടമ ഹരിദാസിന്റെ ഉടമസ്ഥതയിൽ കഴിയുമ്പോഴാണ് കൃഷ്ണൻകുട്ടി മിന്നലേറ്റു ചരിഞ്ഞത്.