വരന്റെ മുന്‍വിവാഹം പുറത്തറിഞ്ഞതോടെ, സദ്യവരെ ഒരുക്കിയ വിവാഹം മുടങ്ങി, പോലീസ് കേസെടുത്തു, വരന്‍ മുങ്ങി!

13 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നു; അധ്യാപകനായ ‘വരന്റെ ഭാര്യ’ വധുവിനെ വിളിച്ചു; സദ്യവരെ ഒരുക്കിയ വിവാഹം മുടങ്ങി ; പൊന്‍കുന്നം പോലീസ് കേസെടുത്തു, വരന്‍ മുങ്ങി!

പൊന്‍കുന്നം : വരന്റെ മുന്‍വിവാഹം പുറത്തറിഞ്ഞതോടെ, സദ്യവരെ ഒരുക്കിയ വിവാഹം മുടങ്ങി. ഇന്നലെ എലിക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വിവാഹമാണു മുടങ്ങിയത്. മലപ്പുറത്ത് അധ്യാപകനായ ”വരന്‍” എലിക്കുളം വഞ്ചിമല സ്വദേശി സനിലി(37)ന്റെ പേരില്‍ പൊന്‍കുന്നം പോലീസ് കേസെടുത്തു. സനിലുമൊത്തുള്ള വിവാഹഫോട്ടോ ശനിയാഴ്ച അര്‍ധരാത്രി പെരിന്തല്‍മണ്ണ സ്വദേശിയായ ഭാര്യ വധുവിന്റെ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ എല്‍.പി. സ്‌കൂളില്‍ അധ്യാപകരാണു സനിലും ഭാര്യയും. വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്നു സനില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതിനാല്‍ വധു ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിനു ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടി. എന്നാല്‍, ഇയാള്‍ ഫോണ്‍ എടുക്കാതായതോടെ സംശയമുയര്‍ന്നു. വിവാഹത്തലേന്നു രാത്രി വിവരമറിഞ്ഞ് വരന്റെ ഇളയസഹോദരന്‍ ബോധരഹിതനായി. ഇദ്ദേഹത്തെ പൊന്‍കുന്നത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ സനില്‍ െബെക്കുമായി വീട്ടില്‍നിന്നു പോയി. എവിടേക്കെന്ന് ആരോടും പറഞ്ഞിട്ടില്ല. വധുവിന്റെ വീടിനടുത്തു സനിലിന്റെ കുടുംബക്കാരുണ്ട്. ഇവര്‍ പെരിന്തല്‍മണ്ണ സ്വദേശിനിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടു. അപ്പോഴേക്ക് ചോറ് ഒഴികെയുള്ള സദ്യവട്ടങ്ങളെല്ലാം ഒരുക്കിയിരുന്നു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ പരാതിപ്പെട്ടു. വിവാഹം മുടങ്ങിയതിനു നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. സനിലിന്റെ പേരില്‍ പോലീസ് കേസെടുത്തു.

ഇയാളെ കാണാനില്ലെന്നു ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. സനിലുമായി പെരിന്തല്‍മണ്ണ സ്വദേശിനിയുടേതു പുനര്‍വിവാഹമായിരുന്നു. 13 വര്‍ഷമായി ഒരുമിച്ചു ജീവിച്ച ഇവര്‍ കഴിഞ്ഞയാഴ്ചയാണു ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ ഔദ്യോഗികമായി വിവാഹിതരായത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹത്തിനു സനില്‍ മലപ്പുറത്തെ സഹപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നുമില്ല.