വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് സർവ്വേ ഫലം , കേരളത്തിൽ എൽ.ഡി.എഫിന് 13 സീറ്റുകളും യു.ഡി.എഫിന് ഏഴും

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ 162 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ടൈംസ് നൗ സി വോട്ടേഴ്സ് സർവ്വേ. കോൺഗ്രസിന് 102 സീറ്റുകളേ കിട്ടുകയുള്ളു-സർവ്വേ പറയുന്നു. സർക്കാരുണ്ടാക്കുന്നതിൽ പ്രാദേശിക പാർട്ടികൾക്ക് വലിയ പങ്കുണ്ടാകുമെന്നാണിത് സൂചിപ്പിക്കുന്നത്.

ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എക്ക് 186 സീറ്റുകളും യു.പി.എക്ക് 117 സീറ്റുകളുമാകും കിട്ടുക.തൃണമൂൽ,എസ്.പിയോ ബി.എസ്.പിയോ, ഇടതു മുന്നണി എന്നിവയാകും മറ്റുള്ളവരിൽ വലിയ കക്ഷികൾ.

543 അംഗ സഭയിൽ 272 അംഗങ്ങളാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. ഇടതുപക്ഷത്തിന് 32, ബി.എസ്.പിക്ക് 31, എ.ഐ.എ.ഡി.എം.കെ 28 സമാജ് വാദി പാർട്ടി25, തൃണമൂൽ 23 എന്നിങ്ങനെയാകും അവർക്ക് കിട്ടുക. എൻ.ഡി.എ വിട്ട ജനതാദളിന് 9 സീറ്റുകളേ കിട്ടു. മുൻപ് അവർക്ക് 20 സീറ്റുകൾ ഉണ്ടായിരുന്നു. കേരളം, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, യു.പി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കോൺഗ്രസിന് കനത്ത തിരിച്ചടിയാകും ലഭിക്കുക. രാജസ്ഥാനിൽ അഞ്ചു സീറ്റേ ലഭിക്കൂ. 15 എണ്ണം നഷ്ടപ്പെടും. അവ ബി.ജെ.പി പിടിച്ചെടുക്കും. കോൺഗ്രസിന് ആന്ധ്രയിൽ 33ൽ നിന്ന് സീറ്റുകൾ ഏഴായി കുറയും. വൈ.എസ്.ആർ കോൺഗ്രസിനും തെലുങ്കാന രാഷ്ട്ര സമിതിക്കും 13 സീറ്റുകൾ വീതംകിട്ടും. യു.പിയിൽ കോൺഗ്രസിന് 16 സീറ്റ് കുറയും, അഞ്ചു സീറ്റുകളേ കിട്ടൂ. ബി.ജെ.പിക്ക് 17 സീറ്റ് കിട്ടും.

സർവ്വേ പ്രകാരം കേരളത്തിൽ യു.ഡി.എഫിന് വെറും 7 സീറ്റുകളേ കിട്ടൂ. കോൺഗ്രസിന് നാലും ലീഗിന് രണ്ടും മാണി ഗ്രൂപ്പിന് ഒന്നും സീറ്റുകൾ. എൽ.ഡി.എഫിന് 13 സീറ്റുകളും കിട്ടും . ബി ജെ പി ഇക്കുറി അക്കൌണ്ട് തുറക്കില്ലെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത് .