വരൾച്ചയിൽ പൊള്ളി പച്ചക്കറിവില

കാഞ്ഞിരപ്പള്ളി : അയൽ സംസ്ഥാനങ്ങളിൽ വരൾച്ച കടുത്തതോടെ കേരളത്തിൽ പച്ചക്കറി വില പൊള്ളുന്നു. തമിഴ്നാടിനു പുറമേ വയനാട്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞു. നാടൻ പച്ചക്കറികളുടെ ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. ഓണം വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയുടെ തിരക്കിലാണ് കർഷകർ. ഉൽപാദനം ആരംഭിക്കണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും. പക്ഷേ ഇടവിട്ടുള്ള മഴയും പകൽ സമയത്തെ കടുത്ത ചൂടും കൃഷിയെ ബാധിച്ചിട്ടുണ്ട്. കൃഷികൾക്കു മുരടിപ്പ് ബാധിച്ചിട്ടുണ്ട്. ഏത്തവാഴ ഒഴികെയുള്ള കൃഷികൾ പ്രതിസന്ധിയിലാണ്.

മത്സ്യം, മാംസം വില ഉയർന്നതോടെ പച്ചക്കറിയിലായിരുന്നു പ്രതീക്ഷ. ഏതാനും ആഴ്ച മുൻപ് 120 രൂപ വരെയെത്തിയ ബീൻസിന് വില കുറഞ്ഞിട്ടുണ്ട്. വയനാട്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ. ഡീസൽ, പെട്രോൾ എന്നിവയുടെ വില വർധന വരും ദിനങ്ങളിൽ പച്ചക്കറി വിപണിയെ ബാധിക്കും. ലോറി ഉടമകൾ കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്.

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കു പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പക്ഷേ കാലാവസ്ഥ വ്യതിയാനം കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി ഇഞ്ചിക്കു വില കിലോഗ്രാമിന് 240 രൂപയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇഞ്ചിയുടെ വില ഇത്രയും ഉയരത്തിൽ എത്തിയിട്ടില്ലെന്നു കച്ചവടക്കാരും കർഷകരും പറയുന്നു.