വരൾച്ചയുടെ പിടിയിൽ

കാഞ്ഞിരപ്പള്ളി ∙ മലയോരം വരൾച്ചയിലേക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേഖലയിൽ ജലസ്രോതസ്സുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. തദ്ദേശ സ്ഥാപനങ്ങൾ തടയണകളുടെ ഷട്ടർ അടയ്ക്കാത്തതുമൂലം വെള്ളം നഷ്ടപ്പെടുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മണിമലയാറ്റിലെ കരിമ്പുകയം, ചിറ്റാർ പുഴയിലെ അഞ്ചിലിപ്പ, പടപ്പാടി തോട്ടിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനു പിൻവശത്തുള്ള തടയണ എന്നിവയുടെ ഷട്ടറുകൾ ഇനിയും അടച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ മേലാട്ടുതകിടി, വട്ടകപ്പാറ, കല്ലുങ്കൽ കോളനി, പത്തേക്കർ തുടങ്ങിയ പ്രദേശങ്ങളിലും ചിറക്കടവ് പഞ്ചായത്തിലെ കളമ്പുകാട്ടുകവല, മഞ്ഞപ്പള്ളിക്കുന്ന്, പൊന്നയ്ക്കൽക്കുന്ന്, ചിത്രാഞ്ജലി ഭാഗം, ചേപ്പുംപാറ തുടങ്ങിയ പ്രദേശങ്ങളിലും കിണറുകൾ വറ്റിത്തുടങ്ങി. ഈ വർഷം ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ 276.58 സെന്റിമീറ്റർ മഴ ലഭിച്ചിട്ടും സെപ്റ്റംബർ ആദ്യവാരം പുഴകളിലും കിണറുകളിലും ജലനിരപ്പ് വളരയേറെ താഴ്ന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. മണിമലയാറ്റിലെ ജലനിരപ്പ് 11.02 മീറ്ററായി കുറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമുദ്രനിരപ്പിൽനിന്നു 11.26 മീറ്ററായിരുന്നു ജലനിരപ്പ്. മഴ കുറവായിരുന്ന 2016ലെ ചൂടിൽപോലും ഓഗസ്റ്റിൽ 11.26 മീറ്ററും സെപ്റ്റംബറിൽ 11.16 മീറ്ററുമായിരുന്നു ആറ്റിലെ ജലനിരപ്പെന്ന് അധികൃതർ പറയുന്നു. മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങിയിട്ടും കരിമ്പുകയം ചെക്ക് ഡാമിനു ഷട്ടറിടാൻ പഞ്ചായത്ത് വൈകുന്നതു കൂടതൽ വെള്ളം നഷ്ടമാകാൻ കാരണമാകുന്നു. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നതു മണിമലയാറ്റിലെ കരിമ്പുകയത്തുനിന്നാണ്. പ്രതിദിനം 2.25 ദശലക്ഷം ലീറ്റർ വെള്ളമാണ് ഇവിടെനിന്നു പമ്പ് ചെയ്യുന്നത്.

പദ്ധതിയിൽ നാലായിരത്തോളം കണക്‌ഷനുകളാണുള്ളത്. രാത്രിയും പകലുമായാണ് കരിമ്പുകയം പമ്പ് ഹൗസിൽ പമ്പിങ് നടത്തുന്നത്. സ്ഥിതി തുടരുകയാണെങ്കിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 11-ാം വാർഡിലെ ആനക്കയം ശുദ്ധജല പദ്ധതിക്കുവേണ്ടി പടപ്പാടി തോടിനു കുറുകെ നിർമിച്ച മൂന്നു തടയണകളിലെയും ജലനിരപ്പ് താഴ്ന്നു.

200 കുടുംബങ്ങൾക്കു വെള്ളമെത്തിക്കുന്ന പദ്ധതിയുടെ തടയണയിൽ മഴമൂലം മണ്ണു നിറഞ്ഞ് ആഴവും കുറഞ്ഞു. എത്രയും വേഗം തടയണകൾക്കു ഷട്ടറിട്ട് വെള്ളം ഒഴുകി പോകാതെ നിർത്തണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തുകൾക്കു കത്തു നൽകുമെന്നു വാട്ടർ അതോറിറ്റി അധിക‍ൃതർ അറിയിച്ചു.