വള്ളിയാംകാവ് റോഡിൽ ദുരിതയാത്ര

മുണ്ടക്കയം ∙ നാളുകളായുള്ള ജനങ്ങളുടെ ആവശ്യപ്പെടലുകൾക്കും നിവേദനങ്ങൾക്കും പരിഹാരമില്ല. വള്ളിയാംകാവ് ദേവീക്ഷേത്രത്തിലേക്കുള്ള റോഡിൽ നാട്ടുകാരെ വലയ്ക്കുന്നതു ദുരിതയാത്രയുടെ തീരാക്കയങ്ങൾ. കുഴികൾ നിറഞ്ഞും വലിയ കല്ലുകൾ തെളിഞ്ഞും റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ബസ് സർവീസുകൾ മുടങ്ങുന്നതു യാത്രക്കാർക്ക് ഇരട്ടി പ്രഹരമായി. യാതൊരുവിധത്തിലും റോഡിൽ യാത്ര സാധ്യമല്ലാതായതോടെ ബസുകൾ പലപ്പോഴും പാതിവഴിയിൽ വന്നു മടങ്ങുകയാണിപ്പോൾ. ചെറുവാഹനങ്ങളും ഇൗ മേഖലയിലേക്കു സർവീസ് നടത്താൻ മടിക്കുകയാണ്.

വാഹനത്തിനു കേടുപാടുകൾ വരുന്നതിനാൽ രാത്രിയിൽ ഓട്ടോപോലും ഇൗ വഴി വരാറില്ല. തകർന്ന റോഡിലൂടെ ജീപ്പ് പോലെയുള്ള വാഹനങ്ങളിൽ നാനൂറിലധികം രൂപ നൽകിയാണു ജനങ്ങൾ യാത്രചെയ്യുന്നത്. മണിക്കൽ–മതമ്പ റൂട്ടിൽ ക്ഷേത്രം റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഇറങ്ങി എസ്റ്റേറ്റിലൂടെ നടന്നാണു നാട്ടുകാർ വീടുകളിൽ എത്തുന്നത്. സ്വകാര്യ റബർ എസ്റ്റേറ്റിലൂടെയുള്ള ഈ റോഡ് തകർന്നിട്ടു വർഷങ്ങളായി. റോഡ് പൊതുമരാമത്തു വകുപ്പിനു വിട്ടുനൽകാനോ സഞ്ചാരയോഗ്യമാക്കുവാനോ എസ്റ്റേറ്റ് അധികൃതർ തയാറാകുന്നില്ല. ദിനംപ്രതി നൂറുകണക്കിനു പേരാണു വള്ളിയാംകാവിൽ എത്തുന്നത്.

ദൂരസ്ഥലങ്ങളിൽനിന്നു വരുന്നവർ വാഹനങ്ങൾക്കു കേടുപാടുവരുന്നതു ഭയന്നു സ്വന്തം വാഹനങ്ങൾ മുണ്ടക്കയത്തു പാർക്ക് ചെയ്തു ടാക്സികളിലാണു ക്ഷേത്രത്തിൽ എത്തുന്നത്. കുപ്പകയം മേഖലയിൽ എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു ജനങ്ങളും ദുരിതത്തിലാണ്‌. പുതിയ പദ്ധതിയായ ശബരിമല ദേശീയപാതയുടെ അലൈൻമെന്റ് വള്ളിയാംകാവ് വഴിയാണെന്നുള്ളതു മാത്രമാണു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷേ അതുവരെ ദുരിതയാത്ര നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. താൽക്കാലിക പരിഹാരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.