വഴക്കു പറഞ്ഞതിന് പെണ്‍കുട്ടി ഇറങ്ങിപ്പോയത് ആശങ്കയുയര്‍ത്തി

പൊൻകുന്നം∙ വഴക്കു പറഞ്ഞതിലുള്ള വിഷമത്താൽ പത്താംക്ലാസുകാരി വീട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത് ഒരു രാത്രി മുഴുവൻ. കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നത്തിനടുത്തുള്ള ഗ്രാമത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തിരോധാനം ആശങ്കയുയര്‍ത്തിയത്. രാത്രി എട്ടേമുക്കാലോടെയാണ് സംഭവത്തിനു തുടക്കം. പത്താംതരം പരീക്ഷ അടുത്തെത്തിയിട്ടും പഠിക്കാൻ കൂട്ടാക്കാത്തതിന് മാതാവ് വഴക്കു പറഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മകളെ വഴക്കു പറഞ്ഞതിന്റെ ദേഷ്യമെല്ലാം മാറിയതോടെ മാതാവ് പെൺകുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് വീട്ടിൽ ഇല്ലെന്നറിഞ്ഞത്.

വീടും പരിസരവും അരിച്ചു പെറുക്കിയിട്ടും മകളെ കാണാതെ വന്നതോടെ വിവരം അയൽ വീടുകളിലേക്ക് അറിയിച്ചു തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ പൊലീസിലും പരാതിയെത്തി. പെൺകുട്ടിയായതിനാലും പ്രായ പൂർത്തിയാകാത്തതിനാലും പൊലീസ് പാഞ്ഞെത്തി. സമീപത്തെ കിണറുകളും കുളങ്ങളും ഒക്കെ പരിശോധിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അന്വേഷണം ധൃതഗതിയിൽ നടക്കുമ്പോൾ ഫോൺവഴി ബന്ധുക്കളിൽ പലരെയും വിളച്ച് അന്വേഷിക്കുന്നുമുണ്ടായിരുന്നു. ആധി പിടിച്ചിരിക്കുന്നതിന് ഇടയിലാണ് വീടിന് കുറച്ചകലെയുള്ള കിണറിന്റെ വലയിൽ എന്തോ സാധനം വീണ രീതിയിൽ കീറിയിരിക്കുന്നതായി വിവരം എത്തിയത്.

ഇതോടെ പൊലീസും നാട്ടുകാരും അവിടേക്ക് പാഞ്ഞു. വിശദമായ പരിശോധനയിൽ ഇഷ്ടിക കിണറ്റിൽ വീണതാണെന്നു കണ്ടെത്തിയതോടെ എല്ലാവരും തിരിച്ചു പോന്നു. ഇനി പരിശോധന നേരം പുലർന്നിട്ടാകാമെന്നു കരുതി എല്ലാവരും പിൻവാങ്ങിയെങ്കിലും വീട്ടുകാർ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പെൺകുട്ടി പോകുവാൻ സാധ്യയുള്ള ബന്ധുക്കളെ വിളിച്ചുണർത്തി വിവരം അന്വേഷിച്ചുകൊണ്ടിരുന്നതിനിടയിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് അമ്മാവന്റെ വീട്ടിൽ പെൺകുട്ടി എത്തിയതായി ഫോൺ സന്ദേശം ലഭിച്ചത്.

പുലർച്ചെ അമ്മാവന്റെ വീട്ടുകാർ വാതിൽ തുറന്നപ്പോൾ തിണ്ണയിലെ മേശക്കടിയിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടു. അമ്മാവന്റെ പുരയിടത്തിൽ ഒളിച്ചിരുന്ന പെൺകുട്ടി ആൾക്കാർ അന്വേഷണം തുടങ്ങിയത് കണ്ട് മിണ്ടാതിരിക്കുകയായിരുന്നു. അന്വേഷണക്കാരെല്ലാം പോയതോടെ അമ്മാവന്റെ വീട്ടിലെ തിണ്ണയിൽ കയറി മേശക്കടിയിൽ കിടക്കുകയായിരുന്നു. ഏതായാലും പെൺകുട്ടിയെ ആപത്തൊന്നുമില്ലാതെ കിട്ടിയതിൽ ഏറെ സന്തോഷിച്ചത് മാതാവായിരുന്നു. പൊലീസ് കേസുള്ളതിനാൽ കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പോകുവാൻ കോടതി അനുമതി നൽകിയതോടെ പൊല്ലാപ്പിന് അറുതിയായി.