വഴിയിൽ സാമൂഹികവിരുദ്ധർ; യാത്ര ഭീതിയിൽ

മുണ്ടക്കയം ∙ കാടുകയറിയ ഇടവഴി സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. ഇതെ തുടർ‌ന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ യാത്ര ഭീതിയിലാണ്. കൂട്ടിക്കൽ റോഡിൽനിന്നു പെട്രോൾ പമ്പ് ജംക്‌ഷനിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന വഴിയാണു കാടു നിറഞ്ഞത്. ഇതോടെ പകൽസമയങ്ങളിൽ പോലും ഇവിടം മദ്യപരുടെ താവളമായി മാറി. കഞ്ചാവു കച്ചവടവും ഇവിടെ സ്ഥിരമായി നടക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. സന്ധ്യയായാൽ സ്ത്രീയാത്രികർ കൂട്ടിക്കൽ ജംക്‌ഷൻ വഴി ചുറ്റിക്കറങ്ങി വേണം യാത്രചെയ്യാൻ. ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന റോഡാക്കി മാറ്റിയാൽ ടൗണിലെ ഗതാഗത പ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകമാകും. എത്രയും വേഗം സുരക്ഷിത യാത്രയ്ക്കുള്ള നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.