വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസത്തിനകം തീര്‍ക്കണം- ആര്‍.ഡി.ഒ.

എരുമേലി: തീര്‍ത്ഥാടനപാതയില്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം തീര്‍ക്കണമെന്ന് ആര്‍.ഡി.ഒ. കെ.എസ്. സാവിത്രി ഗ്രാമപ്പഞ്ചായത്തിേനാടാവശ്യപ്പെട്ടു.

തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി എരുമേലിയില്‍ വിളിച്ചുചേ ര്‍ത്ത വിവിധ വകുപ്പ്തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ഡി.ഒ. ടൗണില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ അവ്യക്തമാണെന്ന് മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍റഹിം അറിയിച്ചു. തീര്‍ത്ഥാടകരെത്തുന്ന പല പ്രദേശങ്ങളിലും വെളിച്ചക്കുറവ് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് മൈതാനങ്ങളിലും ശൗചാലയസമുച്ചയങ്ങളിലും അമിതചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്. ഇങ്ങനെ പരാതികളുയരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടയാളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി എല്ലാ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും ആര്‍.ഡി.ഒ. ആവശ്യപ്പെട്ടു. പാര്‍ക്കിങ് മൈതാനങ്ങളില്‍ തീര്‍ത്ഥാടകര്‍ മോഷണത്തിന് വിധേയരായാല്‍ അതിന്റെ ഉത്തരവാദിത്വം മൈതാനത്തിന്റെ കരാറുകാരന്‍ തന്നെ ഏറ്റെടുക്കണം. ഫീസ് ഈടാക്കി ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുമ്പോള്‍ അവര്‍ക്കുവേണ്ട സംരക്ഷണം നല്‍കേണ്ടത് കരാറുകാരുടെ ചുമതലയാണ്. ഇനി തുടര്‍ച്ചയായി മൈതാനങ്ങള്‍, ശൗചാലയസമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത്, പോലീസ്,റവന്യു സ്‌ക്വാഡ് എന്നിവരുടെ സംയുക്തപരിശോധന നടക്കും. തോടും പരിസരവും വിശുദ്ധിസേന വൃത്തിയാക്കണമെന്നും എരുമേലിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് 15 രൂപയേ വാങ്ങാവൂവെന്നും നിര്‍ദ്ദേശമുണ്ട്.