‘വഴി തെളിയാതെ” ശബരി പാത; പത്തൊമ്പത് വര്‍ഷമായിട്ടും അങ്കമാലി-ശബരി റെയില്‍പാത കേന്ദ്രസര്‍ക്കാര്‍ അവഗണനയില്‍

മധ്യകേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ വലിയ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്കമാലി – അഴുത ശബരി റെയില്‍പ്പാതയോടു കേന്ദ്ര സര്‍ക്കാരിന്റെ അവഗണന വീണ്ടും. ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ ശബരി പാതയെക്കുറിച്ചു ഒന്നും മിണ്ടിയില്ല. റെയില്‍പ്പാതയ്ക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്കു നല്‍കാനുള്ള പണം പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ പദ്ധതി ഇനിയെങ്ങോട്ടെന്ന ചോദ്യം അവശേഷിക്കുന്നു. 1995ലാണു ശബരി റെയില്‍പ്പാതയ്ക്കു കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. 550 കോടി രൂപയാണു ആദ്യഘട്ടമായി പദ്ധതിക്കു അനുവദിച്ചത്. പിന്നീട് എസ്റ്റിമേറ്റു പുതുക്കിയിരുന്നു. 1566 കോടി രൂപയുടെ എസ്്റ്റിമേറ്റ് തയാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം ഇനിയും ഇതിനായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പത്തു കോടി രൂപയാണ് പദ്ധതിക്കു അനുവദിച്ചത്. ഇക്കുറി അതുപോലും ഉണ്ടായില്ല. പുതുക്കിയ എസ്റ്റിമേറ്റ് ഈ ബജറ്റില്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളസര്‍ക്കാര്‍. അടിയന്തിരമായി 157 കോടി രൂപ അനുവദിക്കണമെന്ന കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും അതും കേന്ദ്രം തള്ളി.

ശബരി പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള റീച്ച് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന പദ്ധതികളുടെ പട്ടികയില്‍ ശബരി പാതയുടെ ആദ്യറീച്ച് ഇടം നേടിയിട്ടില്ല. ശബരി പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള ഭാഗത്തു നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കുപോലും പരിഹാരമായിട്ടില്ല. പദ്ധതിക്കായി ഏറ്റെടുത്ത ഭുമിയുടെ വില നില്‍കാത്തതിനെത്തുടര്‍ന്നു പാതയുടെ നിര്‍മാണം പലയിടത്തും പ്രദേശവാസികള്‍ തടസപ്പെടുത്തിയ നിലയിലാണ്. കാലടിയില്‍ പെരിയാറിനു കുറുകേ റെയില്‍പ്പാളം നിര്‍മാണത്തിനു തുടക്കമിട്ടെങ്കിലും അതും പാതിവഴിയില്‍ നിലച്ചു. ഇതിനായി എത്തിച്ച ലക്ഷക്കണക്കിനു രൂപയുടെ നിര്‍മാണസാമഗ്രികള്‍ പദ്ധതിസ്ഥലത്തു തുരുമ്പെടുത്തു നശിക്കുകയാണ്. പ്രഖ്യാപിച്ചു പത്തൊമ്പതു വര്‍ഷമായിട്ടും ചുവപ്പുനാടയിലും അവഗണനയിലും കുടുങ്ങിക്കിടക്കുന്ന പദ്ധതിയെന്ന ശബരി റെയിലിന്റെ ദുഷ്‌പേര് യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റും മായ്ക്കുന്നില്ല.