വാടകച്ചീട്ട് നിര്‍ബന്ധം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക കൂട്ടാം

വാടകക്കെട്ടിടത്തിന് രജിസ്റ്റര്‍ ചെയ്ത വാടകച്ചീട്ട് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ പുതിയ വാടക-പാട്ട നിയമത്തില്‍ നിര്‍ദേശം. വാടകച്ചീട്ട് എഴുതിക്കഴിഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരിക്കണം. ഇപ്പോള്‍ വാടകച്ചീട്ടില്ലാത്ത നിരവധി കെട്ടിടങ്ങളുണ്ട്. നിയമം നിലവില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ വാടകച്ചീട്ട് ഉണ്ടാക്കിയിരിക്കണമെന്നും പുതിയ ബില്ലിന്റെ കരടില്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക നിരക്കില്‍ വര്‍ധനവരുത്താന്‍ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മില്‍ നിര്‍ബന്ധമായും കരാറുണ്ടാക്കിയിരിക്കണം. കരാറില്‍ വാടകവര്‍ധനയെക്കുറിച്ച് ഉള്‍ക്കൊള്ളിച്ചിരിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 20 ശതമാനം വരെ വാടകവര്‍ധനയ്ക്ക് കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ നിയമം നിലവില്‍ വരുന്നതോടെ എല്ലാ കെട്ടിടങ്ങള്‍ക്കും വാടകച്ചീട്ട് നിര്‍ബന്ധമാക്കും. ഒരു വര്‍ഷത്തിനകം വാടകച്ചീട്ട് എഴുതുന്നില്ലെങ്കില്‍ വാടകസംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേഷന്‍ കമ്മിറ്റിക്ക് വിടും. തുടര്‍ന്ന് കോടതിക്ക് നിശ്ചയിക്കാം. ആദ്യമായാണ് ഇത്തരമൊരു ബില്‍ രൂപവത്കരിക്കുന്നതെന്നും ഇപ്പോഴുള്ളത് കരട് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും മാണി പറഞ്ഞു. ബില്ലിനുള്ള അംഗീകാരം ക്യാബിനറ്റിന്റെ തീരുമാനത്തിന് വിധേയമായി മാത്രമേ നല്‍കുകയുള്ളൂ. അതിന് മുമ്പ് ആശയസമന്വയം ഉണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വാടകക്കെട്ടിടങ്ങള്‍ക്ക് പുതിയ നിയമമനുസരിച്ചുള്ള വാടകച്ചീട്ട് നിര്‍ബന്ധമാക്കുമോയെന്ന ചോദ്യത്തിന് മന്ത്രി മാണി മറുപടി പറഞ്ഞില്ല. ഇക്കാര്യം ‘സസ്‌പെന്‍സ്’ ആയിരിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ മറുപടി. പുതിയ വാടകനിയമമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നുവെന്നും നിയമനിര്‍മാണം വൈകുന്നത് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നതുകൊണ്ടുമാണ് സര്‍ക്കാര്‍ ഇത് തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും സംഘടനകളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട നിര്‍ദേശങ്ങളാണ് ഇപ്പോഴുള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രിസഭയുടെ അന്തിമ അംഗീകാരം ഇവയ്ക്ക് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യപാരി-വ്യവസായി ഏകോപനസമിതി, റെന്‍റല്‍ എന്‍റര്‍പ്രണേഴ്‌സ് നാഷണല്‍ ട്രസ്റ്റ്, റെന്‍റല്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യപാരി-വ്യവസായി സമിതി, ക്രഡായ് എന്നീ സംഘടനകളുമായി മന്ത്രി കെ.എം.മാണി നടത്തിയ ചര്‍ച്ചയിലാണ് വാടകച്ചീട്ട് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും വാടകച്ചീട്ട് നിര്‍ബന്ധമാക്കണമെന്നും യോഗത്തില്‍ ധാരണ ഉണ്ടായിട്ടുണ്ട്.