വാടകയ്ക്കെടുത്ത വാഹനം പണയം വച്ച് ചീട്ടുകളി: മൂന്നംഗ സംഘം അറസ്റ്റിൽ

പൊൻകുന്നം∙ ‘റെന്റ് എ കാറുകൾ’ എടുത്ത ശേഷം ചീട്ടുകളി സ്ഥലങ്ങളിലെത്തി പണയംവച്ചു തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. എരുമേലി ചരള തടത്തിൽ അൻഷാദ് (41), പനച്ചയിൽ എം.ആർ. റാഷിക് (21), വാഴയ്ക്കൽ ഷമീർഖാൻ (32) എന്നിവരെയാണ് എരുമേലിയിലെ വീടുകളിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

റെന്റ് എ കാർ ബിസിനസ് നടത്തുന്ന ജിബിൻ എസ്. ജോൺ, ജിഷ്ണു മോഹൻ എന്നിവർ പൊൻകുന്നം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇവർ വിവിധ സ്ഥലങ്ങളിൽ നിന്നു വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം തമിഴ്നാട്ടിലെ കമ്പത്തെത്തി പണംവച്ചു ചീട്ടുകളിക്കും. മിക്കപ്പോഴും കാർ പണയംവച്ചു കളിച്ചശേഷം മുങ്ങുമെന്നാണു പൊലീസ് പറയുന്നത്.

പത്തനംതിട്ട, തിരുവല്ല, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ സമാന തട്ടിപ്പ് നടത്തിയതിന് ഒട്ടേറെ കേസുകൾ ഇവരുടെ പേരിലുണ്ട്. തട്ടിപ്പിന്റെ ഭാഗമായി കടത്തിക്കൊണ്ടു പോയ കാറുകൾ താമിഴ്നാട്ടിൽ നിന്നു കണ്ടെടുക്കുവാനുള്ള ശ്രമത്തിലാണു പൊലീസ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനൻ, സിഐ മോഹൻദാസ്, എസ്ഐ എ.സി. മനോജ്കുമാർ, സിപിഒ ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.