വായനദിനത്തില്‍ കുട്ടികളുടെ അക്ഷരസന്ദേശയാത്ര

ഇളങ്ങുളം: വായനദിനത്തില്‍ സാര്‍ഥകമായ ഒരു യാത്രയുമായി ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അക്ഷരസന്ദേശയാത്ര നടത്തി. അക്ഷരനഗരിയായ കോട്ടയത്തേക്കായിരുന്നു കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പമെത്തിയത്. 70 കുട്ടികള്‍ യാത്രയില്‍ പങ്കെടുത്തു.

കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ്. പ്രസ് സന്ദര്‍ശിച്ച് ബെഞ്ചമിന്‍ ബെയ്‌ലിയുടെ അച്ചടിയന്ത്രവും ആധുനിക ഡിജിറ്റല്‍ പ്രസ്സും പരിചയപ്പെട്ടു. തുടര്‍ന്ന് ജവഹര്‍ ബാലഭവനിലെത്തിയ കുട്ടികളെ അധികൃതര്‍ മധുരപലഹാരങ്ങള്‍ക്കൊപ്പം അക്ഷരമധുരം നിറഞ്ഞ പുസ്തകങ്ങള്‍കൂടി നിരത്തി വരവേറ്റു. ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ഷാജി വേങ്കടത്ത്, കുട്ടികളുടെ ലൈബ്രറി സെക്രട്ടറി ബി.ശശികുമാര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

കോട്ടയം പബ്ലിക് ലൈബ്രറിയിലും കുട്ടികളെത്തി. ലൈബ്രറിയിലെ പുതിയ അമേരിക്കന്‍ കോര്‍ണര്‍, പണി പൂര്‍ത്തിയാകുന്ന അക്ഷരശില്പം എന്നിവ കണ്ടായിരുന്നു മടക്കയാത്ര.

ഹെഡ്മിസ്ട്രസ് എസ്.സുശീലാദേവി, പി.ടി.എ. പ്രസിഡന്റ് എം.കെ.രാധാകൃഷ്ണന്‍നായര്‍, വൈസ് പ്രസിഡന്റ് മുരളീകൃഷ്ണന്‍ കല്ലായില്‍, എസ്.അഭിലാഷ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി