വായ്പ: കർഷകർക്ക് ആശ്വാസ നടപടി

കാഞ്ഞിരപ്പള്ളി ∙ മൃഗസംരക്ഷണ മേഖലയിലെ ആവശ്യങ്ങൾക്ക് ബാങ്ക് വായ്പ എടുത്ത കർഷകർക്ക് ആശ്വാസ നടപടിയുമായി മൃഗസംരക്ഷണ വകുപ്പ്. തവണകൾ മുടക്കാതെ വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് പലിശയിനത്തിൽ സബ്സിഡി നൽകുന്ന പദ്ധതിയാണ് മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്നത്. പശുവളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, പന്നി വളർത്തൽ തുടങ്ങിയവയ്ക്കായി പൊതുമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും വായ്പ എടുത്ത കർഷകർക്ക് അപേക്ഷിക്കാം.

പരമാവധി അയ്യായിരം രൂപ വരെയാണ് സബ്സിഡിയായി നൽകുക. വായ്പ സംബന്ധിച്ച ബാങ്ക് നൽകുന്ന രേഖകൾ പ്രകാരമാണ് തുക അനുവദിക്കുക. ആധാർ കാർഡ്, റേഷൻ കാർഡ്, കരമടച്ച രസീത് എന്നിവയുടെ പകർപ്പുകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാ ഫോമുകൾ വെറ്ററിനറി പോളിക്ലിനിക്കുകളിൽ ലഭ്യമാണ്.

ആവശ്യമുള്ളവർ ഒക്ടോബർ 10ന് മുൻപ് അപേക്ഷ നൽകണം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലുള്ളവർക്ക് കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിൽ അപേക്ഷ നൽകാമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.ഡെന്നീസ് തോമസ് അറിയിച്ചു. ഫോൺ–94473 55780.