വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത്: ബിജെപി നിലപാട് നിര്‍ണ്ണായകം

വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആറുവീതം സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ഒരു ഡിവിഷനില്‍ ബിജെപി. ഇവിടെ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും. ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. ഇത്തവണ ആര്‍ക്കുംഭൂരിപക്ഷമില്ല. മുമ്പെല്ലാം ഇടതുമുന്നണി ഭരണത്തിലുണ്ടായിരുന്ന ബ്ലോക്കില്‍ കഴിഞ്ഞതവണ യുഡിഎഫ് അധികാരം പിടിച്ചിരുന്നു. ഇപ്പോള്‍ 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് ആറ്, യുഡിഎഫ് ആറ് ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചെറുവള്ളി ഡിവിഷനില്‍നിന്ന് വിജയിച്ച ജയടീച്ചറാണ് ബിജെപി അംഗം.

എല്‍ഡിഎഫില്‍ സിപിഎം നാലുസീറ്റുകളും സിപിഐ രണ്ടു സീറ്റുകളും നേടിയപ്പോള്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്സും കേ.കേണ്‍.എമ്മും മൂന്നു സീറ്റുകള്‍ വീതം നേടി.

പുളിക്കല്‍ക്കവല ഡിവിഷനില്‍ സിപിഎമ്മിലെ ഗീതാ എസ്.പിള്ള, കൊടുങ്ങൂരില്‍ സിപിഐയിലെ കെ.എസ്. വിജയകുമാര്‍, പൊന്‍കുന്നത്ത് സിപിഎമ്മിലെ എ.ആര്‍. സാഗര്‍, ചിറക്കടവില്‍ സിപിഎമ്മിലെ അമ്മിണിയമ്മ പുഴയനാല്‍, ചെറുവള്ളിയില്‍ ബിജെപിയിലെ ജയ ടീച്ചര്‍, കറുകച്ചാലില്‍ സിപിഎമ്മിലെ കെ.പി. ബാലഗോപാലന്‍നായര്‍, കാനത്ത് സിപിഐയിലെ സുരേഷ് കെ. ഗോപാല്‍, മണിമലയില്‍ കേ.കോണ്‍. എമ്മിലെ ജോയി മാന്‍കുഴി, വെള്ളാവൂരില്‍ കോണ്‍ഗ്രസ്സിലെ സുമ ഷിബുലാല്‍, നെടുങ്കുന്നത്ത് കോണ്‍ഗ്രസ്സിലെ രാജേഷ് കൈടാച്ചിറ, ചേലക്കൊമ്പില്‍ കേ.കോണ്‍ എമ്മിലെ റോസമ്മ, കങ്ങഴയില്‍ കോണ്‍ഗ്രസിലെ സുഷമ ശിവദാസ്, കൂത്രപ്പള്ളിയില്‍ കേ.കോണ്‍ എമ്മിലെ കുസുമം ജോര്‍ജ് എന്നിവരാണ് വിജയിച്ചത്.