വാഴൂർ ബ്ലോക്ക് :ചിറക്കടവ് ഡിവിഷനിലെ അമ്മിണിയമ്മ പുഴയനാൽ വൈസ് പ്രസിഡൻറ്

കറുകച്ചാൽ ∙ ഭാഗ്യം തുണച്ചില്ല വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിൽ യുഡിഎഫിന് നഷ്ടപ്പെട്ടു. വൈസ് പ്രസിഡന്റായി ചിറക്കടവ് ഡിവിഷനിലെ സിപിഎം സ്ഥാനാർഥി അമ്മിണിയമ്മ പുഴയനാൽ തിര‍ഞ്ഞെടുക്കപ്പെട്ടു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 13 അംഗ വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം നാല്, സിപിഐ രണ്ട്, കോൺഗ്രസ് മൂന്ന്, കേരള കോൺഗ്രസ് മൂന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

ബിജെപി വിട്ടുനിന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫും യുഡിഎഫും പങ്കിട്ടിരുന്നത്. സിപിഎമ്മിലെ കെ.പി.ബാലഗോപാലൻ നായർക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്ക് വീണത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ റോസമ്മ തോമസിനും നറുക്കുവീണു. യുഡിഎഫ് ധാരണ പ്രകാരം റോസമ്മ തോമസ് രാജി വച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസിലെ കങ്ങഴ ഡിവിഷനിലെ സുഷമ ശിവദാസായിരുന്നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി. എന്നാൽ ഭാഗ്യം ഇവരെ തുണച്ചില്ല. ജില്ലാ സപ്ലൈഓഫിസറായിരുന്നു വരണാധികാരി. കഴിഞ്ഞ രണ്ടാഴ്ച മുൻപ് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നിരുന്നെങ്കിലും ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതോടെ ഇത് പരാജയപ്പെട്ടു.