വാവരുസ്വാമിക്ക് നാളികേരമുടച്ച്. . .

എരുമേലി: രാമക്ഷേത്രവും ബാബറി മസ്ജിദും വിശ്വാസികളുടെയുള്ളില്‍ തര്‍ക്കവിഷയമായി പുകയുമ്പോള്‍, അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്മരണികയായി എരുമേലി തലയുയര്‍ത്തി നില്‍ക്കുന്നു. മതമാത്സര്യങ്ങളില്‍ കലുഷിതമായ ലോകത്തിന് പാരസ്​പര്യത്തിന്റെ പാഠം പകരുന്നതുപോലെ. . .

ഒരുപക്ഷേ, ലോകത്ത് മറ്റെവിടെയും കാണില്ല ഹൈന്ദവഭക്തര്‍ മസ്ജിദില്‍ നാളികേരമുടയ്ക്കുന്നത്. അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ വാവരുസ്വാമിയെ വണങ്ങി തീര്‍ത്ഥാടനം നടത്തുന്നു. എരുമേലി പേട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കുന്ന ഭക്തര്‍ അഭിമുഖമായി നിലകൊള്ളുന്ന നൈനാര്‍ മസ്ജിദില്‍(വാവരുപള്ളി) വലംവച്ച് വാവരുസ്വാമിക്ക് നാളികേരമുടച്ച് പ്രസാദവും വാങ്ങി ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങുന്നു. വിശ്വാസതീവ്രതയില്‍ പള്ളിയില്‍ നിന്നിറങ്ങുന്നതുപോലും പുറം തിരിയാതെ പിന്നോട്ടാണ്.

മതമൈത്രി മഹാകാവ്യമായി മാറുന്ന കാഴ്ച എരുമേലി ചന്ദനക്കുടം ഉത്സവത്തിലും അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളലിലും കാണാം. ജമാ അത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചന്ദനക്കുടത്തിന് ക്ഷേത്രത്തില്‍ സ്വീകരണം നല്കുന്നതും അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനെ മസ്ജിദില്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്നതും എരുമേലിയിലെ ഒരുമയുടെ പെരുമയ്ക്ക് മാറ്റുകൂട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തില്‍ എരുമേലിയുടെ പെരുമയും തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പടരുന്നു. . .