വാവാ സുരേഷ് നടത്തിയ ‘പാമ്പ് ബോധവൽക്കരണം’ നാട്ടുകാർക്കു പുത്തൻ അറിവുകൾ സമ്മാനിച്ചു.

എരുമേലി ∙ കരിമൂർഖനും അണലിയും പെരുമ്പാമ്പും ചേനത്തണ്ടൻ പാമ്പും ഭരണിയിൽ നിന്നു വെളിയിലിറങ്ങിയപ്പോൾ നാട്ടുകാർ അൽപമൊന്നു ഭയന്നു; അടുത്തുള്ളതു വാവാ സുരേഷാണെന്ന വിശ്വാസത്തിൽ ഭയം പത്തി താഴ്ത്തി. വനമേഖലയോടു ചേർന്നു കിടക്കുന്ന കാളകെട്ടിയിൽ വാവാ സുരേഷ് നടത്തിയ ‘പാമ്പ് ബോധവൽക്കരണം’ നാട്ടുകാർക്കു പുത്തൻ അറിവുകൾ സമ്മാനിച്ചു.

കാടുകളിലും പറമ്പുകളിലും കയറുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണമെന്നുള്ളതിനെക്കുറിച്ചു വിശദീകരിക്കാനാണു വാവാ സുരേഷ് കാളകെട്ടിയിൽ എത്തിയത്. വനസംരക്ഷണ സമിതിയാണു പരിപാടിക്കു നേതൃത്വം നൽകിയത്. കാടും മറ്റുമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു നീളൻ കമ്പ് കൈയിൽ കരുതണം. മണ്ണിൽ കമ്പുകൊണ്ടടിച്ചുണ്ടാവുന്ന ശബ്ദതരംഗങ്ങൾ തിരിച്ചറിഞ്ഞു പാമ്പുകൾ സ്ഥലം വിടുമെന്നു സുരേഷ് ചൂണ്ടിക്കാട്ടി. പാമ്പു കടിയേറ്റാൽ മുറിവു കഴുകണം. മുറിവിനു നാലിഞ്ച് മുകളിൽ അധികം മുറുക്കിയല്ലാതെ കെട്ടി അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തണം.

കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയരുതെന്നും സുരേഷ് നിർദേശിച്ചു. വിവിധയിനം പാമ്പുകളെ സുരേഷ് പ്രദർശിപ്പിച്ചു. പാമ്പുകളെ പിടികൂടാനുള്ള പരിശീലനം വനസംരക്ഷണസമിതി പ്രവർത്തകർക്കു നൽകുമെന്നും സുരേഷ് പറഞ്ഞു. സമിതി പ്രസിഡന്റ് എം.എസ്. സതീഷ് അധ്യക്ഷത വഹിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാർ, കെ.കെ. സുലോചന, കെ. കെ. ദിവാകരൻ, രവീന്ദ്രൻ നായർ, വി.പി. മോഹനൻ, പി.എം. ഷാഹുൽ, കെ.കെ.സജിമോൻ, പീതാംബരൻ എന്നിവർ പ്രസംഗിച്ചു.