വിഡിയോ വാൾ: സംഗതി കളറായി, എങ്കിലും കമ്മിഷന്റെ വാൾ തലയ്ക്കു മുകളിൽ

∙ കാര്യങ്ങൾക്കെല്ലാം വ്യക്തതയ്ക്കായാണു തിരഞ്ഞെടുപ്പു കാലത്തു സ്ഥാനാർഥികളുടെയും പാർട്ടികളുടെയും ശ്രമം. ഇതിന്റെ ഭാഗമായാണു പ്രചാരണം കൂടുതൽ കളർഫുള്ളാക്കി വിഡിയോ വാൾ സ്ഥാനാർഥിക്കൊപ്പം സ്റ്റേജിൽ ഇടം പിടിച്ചത്. തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ വിഡിയോ വാൾ ലൈവ് സ്ട്രീമിങ് വിജയകരമായി ജില്ലയിൽ തുടങ്ങിക്കഴിഞ്ഞു. ഇതിനായി 3 മുതൽ 4 ക്യാമറകൾ വരെ ഒരേ സമയം ഉപയോഗിക്കും.

സ്വിച്ചിങ് യൂണിറ്റ് നിയന്ത്രിക്കുന്ന വിഭാഗം വേറെയുണ്ടാകും. ക്യാമറകൾ വിവിധ ആംഗിളുകളിൽ പകർത്തുന്ന വ്യത്യസ്ത ദൃശ്യങ്ങൾ കൃത്യമായ പാകത്തിനു വിഡിയോ വാളിലെത്തിക്കുകയാണു സ്വിച്ചിങ് യൂണിറ്റിന്റെ ചുമതല. എന്തു പറഞ്ഞാലും സ്ഥാനാർഥി തന്നെയാണു താരം. സ്ഥാനാർഥിയുടെ സമ്മേളന വേദിയിലേക്കുള്ള പ്രവേശനം മുതൽ ക്യാമറകൾ പിന്നാലെ സഞ്ചരിച്ച് ദൃശ്യങ്ങൾ സ്ക്രീനിലെത്തിക്കും.

സ്ഥാനാർഥിയുടെ ചിരിയും അംഗവിക്ഷേപങ്ങളും വേദിയിലുള്ള മറ്റുള്ളവരുമായുള്ള അടക്കം പറച്ചിലുമെല്ലാം ഇടയ്ക്കിടെ കാണിച്ചു കൊണ്ടേയിരിക്കും. സ്ക്വയർ ഫീറ്റ് കണക്കിലാണു വിഡിയോ വാളിന്റെ വാടക.

മിനിമം ചെലവ് 25,000 രൂപ. വിഡിയോ വാളുള്ള പരിപാടി കളറാകണമെങ്കിൽ ശബ്ദവും മികച്ചതാകണം. ഇതിനാണ് ഇപ്പോഴത്തെ ലൈൻ അരേ സൗണ്ട് ബോക്സുകൾ. ഇവയ്ക്കു മൾട്ടി മിക്സറുകൾ വഴി എക്കോ (ഡിലേ) നിർബന്ധം. ഒരു തവണ സ്ഥാനാർഥിയുടെ പേര് അനൗൺസ് ചെയ്താൽ അതു കുറഞ്ഞത് 10 തവണയെങ്കിലും അലയടിക്കണമെന്നു സാരം.

എന്നാ ചെലവാന്നേ..?

ഒരു വാട്സ് 2 രൂപയാണു സൗണ്ട് സിസ്റ്റം വാടക. മിനിമം 15000 വാട്സ് എങ്കിലും നിർബന്ധം. ചെലവ് 30, 000 രൂപ. വിഡിയോ വാൾ കൂടിയാകുമ്പോൾ 50,000 രൂപയ്ക്കു മുകളിൽ. പന്തൽ, കസേര, സ്റ്റേജ് ചെലവ് പുറമേ.

ലൈവല്ലേ എല്ലാം..!!

സ്ഥാനാർഥിയുടെ സ്വന്തം ഫെയ്സ്ബുക് സ്ഥാനാർഥിക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച ഈ തിരഞ്ഞെടുപ്പു സീസണിൽ തുടങ്ങി. സ്ഥാനാർഥി ചിരി തൂകി പോകുന്നിടത്തെല്ലാം നിഴലു പോലെ ഫെയ്സ്‌ബുക്– സോഷ്യൽമീഡിയ കൺവീനറും ഒപ്പമുണ്ടാകും. ലൈക്കടി വീഴുമെന്നുറപ്പുള്ള സീനുകളൊക്കെ അപ്പപ്പോൾ തന്നെ ലൈവ് സ്ട്രീമിങ് നടത്തി നാട്ടുകാർക്കു മുന്നിലെത്തിക്കും.

ഇതിനായി പ്രത്യേക പദ്ധതികളുമുണ്ടാകും. കുട്ടികൾ, വയോധികർ എന്നിവരെ കാണുമ്പോൾ കൺവീനർ ചാടി വീഴും. തീപ്പൊരി പ്രസംഗങ്ങൾ, സ്വീകരണങ്ങൾ, നോട്ടുമാല, പൂച്ചെണ്ട്, വഴിയിലെ തട്ടുകടയിൽ നിന്നുള്ള ഭക്ഷണം തുടങ്ങി എല്ലാം ലൈവാകും. ഫോണിന്റെ ചാർജു തീരുന്ന മുറയ്ക്ക് ഊർജം പകരാൻ പവർ ബാങ്കുകളുടെ ശേഖരവുമുണ്ട്.