വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ക്യുബിക്കിൾ പഠന രീതി മണിമലയിലും– വിഡിയോ


മണിമല ∙ സ്കൂൾ തുറക്കുമ്പോൾ അധ്യയനം എങ്ങനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാം ? വിദേശ രാജ്യങ്ങളിലെ ക്യുബിക്കിൾ രീതി പരീക്ഷിച്ചു മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ. ചെറിയ ഇരുമ്പു പൈപ്പ് വെൽഡ് ചെയ്ത് അതിൽ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ചാണു ക്യുബിക്കിളുകൾ തയാറാക്കിയത്. സ്കൂളിന്റെ കെട്ടിടങ്ങൾ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കാൻ വിട്ടുനൽകിയിരിക്കുകയാണ്. അതിനാൽ, ഹോളി മാഗി ഫൊറോന പള്ളിയുടെ പാരിഷ് ഹാളിലാണു ക്ലാസ് മുറികൾക്കുള്ള തയാറെടുപ്പുകൾ.

വിദേശ രാജ്യങ്ങളിലെ ക്യുബിക്കിൾ രീതി പോലെ മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി ഹോളി മാഗി ഫൊറോന പള്ളിയുടെ പാരിഷ് ഹാളിൽ തയാറാക്കിയ ക്യുബിക്കിളുകൾക്കരികിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു മാറാട്ടുകുളവും യുവദീപ്തി എസ്എംവൈഎം പ്രവർത്തകരും. ചിത്രം: മനോരമ

എസ്എസ്എൽസി, ഹയർ‍സെക്കൻഡറി വിഭാഗങ്ങൾക്കു ക്ലാസുകൾ ആരംഭിക്കേണ്ടി വന്നാലുള്ള തയാറെടുപ്പാണു നടത്തുന്നതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 50 കുട്ടികൾ വീതമാണ് ഇവിടെയുള്ളത്. ഇതിൽ 25 പേർക്കുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കുന്നത്. അകലം പാലിച്ചു പകുതി കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന ചർച്ചകൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണം. പത്താം ക്ലാസുകാർക്കായി പള്ളിയുടെ സമീപത്തുള്ള എൽപി സ്കൂൾ കെട്ടിടത്തിലും ക്രമീകരണം നടത്തും.

 ആശയം ജർമനിയിൽ നിന്ന്

∙ സ്കൂൾ മാനേജരും ഹോളി മാഗി ഫൊറോന പള്ളി വികാരിയുമായ ഫാ. ജോർജ് കൊച്ചുപറമ്പിലാണ് ഈ ആശയത്തിനു പിന്നിൽ. ജർമനിയിൽ വൈദികനായി പ്രവർത്തിച്ച ഫാ. ജോർജിന് അവിടത്തെ സുഹൃത്തുക്കളിൽ നിന്നാണു കോവിഡ് കാലത്തെ ജർമൻ സ്കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ചു വിവരം ലഭിച്ചത്. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു മാറാട്ടുകളവും യുവദീപ്തി എസ്എംവൈഎം പ്രവർത്തകരും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് 25 ക്യുബിക്കിളുകൾ തയാർ.

‘ഇപ്പോൾ സ്കൂൾ തുറക്കാനുള്ള തയാറെടുപ്പല്ല ഇത്. സ്കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനം വന്ന ശേഷം കുട്ടികൾക്കു സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്യുന്നത്. -ഫാ.ജോർജ് കൊച്ചുപറമ്പിൽ