വിദ്യാര്‍ഥികളായ സഹോദരര്‍ക്ക് തുണയേകാന്‍ തിടനാട് ഒന്നിക്കുന്നു

തിടനാട്: അച്ഛന്‍ മരണത്തിനു കീഴടങ്ങി. അമ്മ മുമ്പേ അവരെ ഉപേക്ഷിച്ചു. അങ്ങനെ ഒറ്റപ്പെട്ടുപോയ മൂന്ന് സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും ജീവിത െചലവിനുമായി തിടനാട് ഗ്രാമം ഒന്നിക്കുന്നു. വരിയ്ക്കനെല്ലിക്കല്‍ ബിജുവിന്റെ മക്കളായ ട്രീസ, ദേവസ്യാച്ചന്‍, ജോസുകുട്ടി എന്നീ കുട്ടികള്‍ക്കായാണ് നാട്ടുകാര്‍ കുടുംബ സഹായനിധി സ്വരൂപിക്കുന്നത്.

റബര്‍ കട്ടന്‍സ് തൊഴിലാളിയായിരുന്ന ബിജു കഴിഞ്ഞ ഡിസംബറില്‍ പിണ്ണാക്കനാട് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഇവരുടെ അമ്മ രണ്ടര വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയതാണ്. അച്ഛന്റെ മരണശേഷം കുട്ടികള്‍ മൂവരും പണിതീരാത്ത കൊച്ചുവീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. അഞ്ച് സെന്റ് സ്ഥലം മാത്രമുള്ള ഇവര്‍ ബിജുവിന്റെ സഹോദരന്റെ സംരക്ഷണത്തിലാണ്. ചെമ്മലമറ്റം എല്‍.എഫ്.എച്ച്.എസിലെ വിദ്യാര്‍ഥികളായ ഇവരുടെ വിദ്യാഭ്യാസത്തിനും നിത്യവൃത്തിക്കുമായി കുടുംബ സഹായനിധി സ്വരൂപിക്കുവാന്‍ തിടനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബാങ്കില്‍ നിന്നുള്ള പലിശകൊണ്ട് ജീവിത െചലവ് നടത്തുന്നത് ലക്ഷ്യമിടുന്ന സഹായനിധിയ്ക്കായി ചൊവ്വാഴ്ച പഞ്ചായത്ത് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ധനശേഖരണം നടത്തുന്നതാണ്.

ഇതിലേയ്ക്കായി തിടനാട് സഹകരണ ബാങ്കില്‍ 2186 നമ്പരായി അക്കൗണ്ടും തുറന്നെന്ന് കുടുംബ സഹായനിധി ചെയര്‍മാന്‍ ബിനോ മുളങ്ങാശ്ശേരിയും സെക്രട്ടറി അഡ്വ. ജോര്‍ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേലും അറിയിച്ചു.