വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന, യുവാവിനെ അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി∙ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പനച്ചിപാറ കളത്തിൽ ബോബി തോമസ്(22) ആണ് പിടിയിലായത്. സിഐ ഷാജു ജോസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ എ.എസ്.അൻസലും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം, ഉപയോഗിക്കുന്നതിനായി കഞ്ചാവ് കൈവശം വച്ചിരുന്ന രണ്ടു വിദ്യാർഥികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയാണ് പൊലീസ് ബോബിയെ സമീപിച്ചത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.