വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം: കുടുംബ ബന്ധങ്ങളിലെ ശൈഥില്യം കാരണമാകുന്നു

വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം വർധിക്കുന്നതിനു പിന്നിൽ‌ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം പ്രധാന കാരണമെന്ന് എക്സൈസ്. മൂന്നു മാസത്തിനുള്ളിൽ 23 വയസ്സിനു താഴെയുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഒൻപതു യുവാക്കളാണ് കഞ്ചാവ് കേസിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും വിവിധ കേസുകളിൽ പിടിക്കപ്പെട്ടു. പിടിയിലായ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ വിവരശേഖരണത്തിൽ കൂടിയാണ് എക്സൈസ് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തിയത്. മാതാപിതാക്കളുടെ വഴിവിട്ട ജീവിതമാണു ചില കേസുകളിൽ കണ്ടെത്തിയത്.

അമ്മമാർ വിദേശ ജോലിയിലുള്ള വിദ്യാർഥികൾക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുന്നുണ്ട്. പഠനകാലത്ത് കേറ്ററിങ്, പെയിന്റിങ്, പന്തൽ നിർമാണം തുടങ്ങിയ ചെറിയ പണികൾക്കു പോയി വരുമാനമുണ്ടാക്കിയാണ് പലരും ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നത്. വരുമാനമായി ലഭിക്കുന്ന തുകയുടെ കുറച്ചു ഭാഗം വീട്ടിൽ നൽകിയ ശേഷം ബാക്കി തുക കഞ്ചാവിനായി ചെലവഴിക്കുകയാണ്. ഇത്തരത്തിൽ വരുമാനമുണ്ടാക്കുന്ന വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതിനായി വിവിധയിടങ്ങളിൽ കഞ്ചാവ് മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.

സ്കൂളുകളിൽനിന്നല്ലാത്ത വിദ്യാർഥികളുടെ വിനോദ സഞ്ചാര പരിപാടികൾ സൂക്ഷിക്കേണ്ടതാണെന്നും എക്സൈസ് പറയുന്നു. പഠിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥികളെ കുടുക്കാനുള്ള ശ്രമങ്ങളും കഞ്ചാവ് മാഫിയയുടെ തന്ത്രമാണ്. വിദ്യാർഥികൾ പഠനത്തിൽ നിന്നു പെട്ടെന്നു പിന്നാക്കം പോയാൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും എക്സൈസ് നൽകുന്നു. അപകർഷതാബോധമുള്ളവർക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുന്നതായി കണ്ടെത്തി.

തങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ കഞ്ചാവിൽ ഇവർ അഭയം തേടുകയാണ്. കഞ്ചാവ് മാഫിയായുടെ പുതിയ തന്ത്രങ്ങളും പരീക്ഷണങ്ങളും എക്സൈസ് സംഘങ്ങളെ പോലും ഞെട്ടിക്കുകയാണ്. ബുദ്ധിശക്തി വർധിപ്പിക്കാനുള്ള ബ്രഹ്മി ആണെന്നു പറഞ്ഞാണ് ഇൗ സംഘം വിദ്യാർഥികളെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നത്. മറ്റൊരു കേസിൽ ശക്തി വർധിപ്പിക്കാൻ ദൈവിക ശക്തിയുള്ള ചരട് കയ്യിൽ കെട്ടി തരാം എന്നു പറഞ്ഞാണ് വിദ്യാർഥികളെ കുടുക്കിയിരുന്നത്.

ചരട് കെട്ടിയ ശേഷം കഞ്ചാവും ഉപയോഗിക്കാൻ നൽകും. ചരടിന്റെ ശക്തിയാണെന്ന തോന്നലിൽ വിദ്യാർഥികളെ വലയിലാക്കും. അയർക്കുന്നത്തിനു സമീപം തോടിന്റെ കരയിൽ വിദ്യാർഥികൾക്കു കഞ്ചാവ് വലിക്കാൻ പരിശീലനം നൽകിയിരുന്ന കേന്ദ്രവും എക്സൈസ് കണ്ടെത്തി തകർത്തിരുന്നു. തുടരെ അറസ്റ്റുകളുണ്ടായിട്ടും വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നതിനാൽ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളും ഉൗർജിതമാക്കിയിട്ടുണ്ട്.