വിധിയുടെ ക്രൂരതയിൽ നടുങ്ങി ഈ നാട്

മുണ്ടക്കയം ∙ എല്ലാ ഞായറാഴ്ചകളിലും സ്ഥിരമായി പോകുന്ന വഴി… അതേ വാഹനം… കൂട്ടുകാർ എല്ലാവരും ഉണ്ട്.സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുതൽ തുടങ്ങിയ കളിചിരികൾ അര കിലോമീറ്റർ അപ്പുറത്ത് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി വിധിയുടെ ക്രൂരത.കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി ആയിരുന്ന എസ്തറിന്റെ കുസൃതി നിറഞ്ഞ ശബ്ദം ഇനി കേൾക്കാൻ ആകില്ല എന്ന് അറിഞ്ഞ് കുട്ടികൾ മാത്രമല്ല ഒരു നാട് ഒന്നടങ്കം കണ്ണീരിലാഴ്ന്നു .ഞായറാഴ്ച 1.30ന് എസ് വളവിനു സമീപം വാഹനം ഇടിച്ച ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്.ജീപ്പിന്റെ ഉള്ളിൽ രക്തം തളം കെട്ടി നിൽക്കുന്ന കാഴ്ചയാണ്.

തലയ്ക്ക് പരുക്കേറ്റ എസ്തർ, ഡാരിയോൺ, ഡിയോൺ, എന്നി കുട്ടികൾ ബോധരഹിതനായി. ഓടി കൂടിയ നാട്ടുകാർ ഉടൻ തന്നെ എല്ലാവരെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.പക്ഷേ അപ്പോഴേക്കും നാലു വയസ്സുള്ള എസ്തേർ മരണത്തിന് കീഴടങ്ങി. എസ്തേറിന്റെ ഇടതു ചെവിയുടെ പിന്നിലായി ആഴത്തിൽ മുറിവുണ്ടായത്.ഡാരിയോൺ, ഡിയോൺ, ജെറിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്കു അയച്ചു ഇവർക്കും തലയിൽ ആണ് പരുക്ക്.അപകടം ഉണ്ടായപ്പോൾ മുതൽ കൈത്താങ്ങായി നാട് ഒപ്പം ഉണ്ടായിരുന്നു. എസ്തേറിന്റെ അമ്മ മിനിയാണ് ഭർത്താവ് ജോമോനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്.

ടൗണിലെ ഹോട്ടലിൽ ജോലിക്കാരൻ ആയ ജോമോനും ഉടൻ തന്നെ ആശുപത്രിയിലേക്കു ഓടി. ചെറിയ പരുക്കുകൾ മാത്രമേ ഉള്ളു എന്നാണ് മിനിയും അറിഞ്ഞത്. ആശുപത്രിയിലേക്ക് ഓട്ടോയിൽ എത്തിയ മിനിയെ കാത്തിരുന്നത് മകളുടെ ജീവനറ്റു കിടക്കുന്ന ശരീരം ആയിരുന്നു ഇരുവരുടെയും ദുഃഖം നാടിന്റെ കണ്ണീരായി . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടികൾക്കായുള്ള പ്രാർഥനയിലാണ് നാട് .