വിപ്പ് ലംഘിച്ചവർക്കെതിരെ കോൺഗ്രസ് നടപടി

∙ വെള്ളാവൂർ പഞ്ചായത്തിൽ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസ് അംഗങ്ങൾക്കെതിരെ കൂട്ട നടപടിയുമായി കോൺഗ്രസ് നേതൃത്വം.പഞ്ചായത്ത് 2-ാം വാർഡിലെ വി.ജി.ജനാർദനൻ നായർ,13-ാം വാർഡിലെ സരസ്വതിയമ്മ, 10-ാം വാർഡിലെ ഗീതാമോൾ എന്നീ കോൺഗ്രസിന്റെ ഔദ്യോഗിക അംഗങ്ങൾക്കെതിരെയും സ്വതന്ത്ര അംഗങ്ങളായി വിജയിച്ച ശേഷം കോൺഗ്രസിന്റെ ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കുന്ന 7-ാം വാർഡിലെ പി.കെ.പ്രകാശ്, 3-ാം വാർഡിലെ റോസമ്മ കോയിപ്പുറം എന്നിവർക്കെതിരെയാണ് കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

വിപ്പ് ലംഘിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ബിജെപിക്കും എൽഡിഎഫിനും ഒപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനാണ് അച്ചടക്ക നടപടി.കേരള കോൺഗ്രസ് അംഗമായ പ്രസിഡന്റ് ‍ഡയോണി ബാബുവിനെതിരെയാണ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്. 29ന് നടന്ന പ്രമേയ ചർച്ചയിൽ‍ 13 അംഗ ഭരണസമിതിയിലെ ഡയോണി ഒഴികെയുള്ള 12 അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. അതേസമയം 28ന് അവിശ്വാസത്തെ എതിർത്ത് കോൺഗ്രസ് പാർട്ടി വിപ്പും നൽകിയിരുന്നു.

വിപ്പു ലഭിച്ചിട്ടും ഇത് ലംഘിച്ചതോടെയാണ് അംഗങ്ങൾക്കെതിരെ കൂട്ട നടപടി സ്വീകരിക്കാൻ തീരുമാനമായത്. യുഡിഎഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് അയോഗ്യരാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാൻ ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്ന കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃ യോഗത്തിൽ തീരുമാനമായി.

കേരള കോൺഗ്രസ് അംഗത്തെ അവിശ്വാസത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയത് കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും കേരള കോൺഗ്രസ് എം വെള്ളാവൂർ മണ്ഡലം പ്രസിഡന്റ് സജി.വി.ആന്റണി മുൻപ് ആരോപിച്ചിരുന്നു. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് ഐ 3, യുഡിഎഫ് സ്വതന്ത്രർ 2, സിപിഎം 2, സിപിഐ 3, ബിജെപി 2, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് കക്ഷിനില.