വിമാനത്താവളം :കോടതിയിൽ തുക കെട്ടിവയ്ക്കുന്നതിനെ എതിർക്കുമെന്ന് ബിജെപി

എരുമേലി∙ നിർദിഷ്ട വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമി വ്യവഹാരത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിനു പകരം കോടതിയിൽ തുക കെട്ടിവയ്ക്കാനുള്ള സർക്കാരിന്റെ നീക്കം അഴിമതിക്കു കളമൊരുക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പണം കെട്ടിവച്ചു വിമാനത്താവള പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എട്ടു ജില്ലകളിലെ 76769 ഏക്കർ ഭൂമിക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നതിനു സർക്കാർ കലക്ടർമാരോടു നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ചെറുവള്ളി ഉൾപ്പെടെ ജില്ലയിലെ ഹാരിസൺ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ കലക്ടർ ഗവ. പ്ലീഡറിനു നിർദേശവും നൽകിയിരുന്നതായി ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

നിലവിലെ സ്ഥിതി ഇതായിരിക്കെ പ്രതിഫലം കെട്ടിവച്ചു ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ദുരൂഹമാണ്. വിമാനത്താവളത്തിനായി 1000 ഏക്കർ വേണ്ടി വരുമെന്നാണു കണക്കു കൂട്ടൽ. പ്രതിഫലം കെട്ടിവയ്ക്കുന്നതോടെ എസ്റ്റേറ്റിലെ അവശേഷിക്കുന്ന 2000 ഏക്കറിന്റെ ഉടമസ്ഥത സ്വകാര്യതയിലാവുന്നതിനു കാരണമാവും. ഉദ്ദേശം 12000 കോടി രൂപയുടെ അഴിമതിയാണു ലക്ഷ്യമിടുന്നതെന്നു നേതൃത്വം പറയുന്നു.

മാത്രമല്ല, സംസ്ഥാനത്തെ പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തിനും ഇതോടെ നിയമസാധുതയാവുമെന്നും പാർട്ടി ആരോപിക്കുന്നു. വിമാനത്താവള പദ്ധതിയെ പൂർണമായി അംഗീകരിക്കുന്നു. എന്നാൽ ഇതിന്റെ മറവിൽ കോടികളുടെ അഴിമതി നടത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നു നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ കനകപ്പലം, ലൂയിസ് ഡേവിഡ് എന്നിവർ അറിയിച്ചു.