വിലക്കു വീഴുന്നതു ജില്ലയിലെ മൂന്നു പാറമടകൾക്ക്

കോട്ടയം ∙ കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലകളിലെ അടച്ചുപൂട്ടിയ പാറമടകളുടെ പരിസ്ഥിതി അനുമതി അപേക്ഷ വീണ്ടും പരിഗണിക്കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വിലക്കു വീഴുന്നതു ജില്ലയിലെ മൂന്നു പാറമടകൾക്ക്. നാലു വില്ലേജുകളിലായിട്ടാണ് ഈ അംഗീകൃത പാറമടകൾ‌. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പാറമടകളുടെ കണക്കെടുത്താൽ അതിനിയും നീളും. കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച ഭൂമിയിൽ പ്രവർത്തിക്കുന്ന പാറമടകൾ അടച്ചുപൂട്ടിയിരുന്നു. കാട്ടിക്കൽ, പൂഞ്ഞാർ, തെക്കേക്കര, മേലുകാവ്, തീക്കോയി എന്നിവയാണു ജില്ലയിൽ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകൾ.

10 ലോഡിലധികം മെറ്റലും കരിങ്കല്ലുമാണ് ഈ പാറമടകളിൽനിന്നു ദിവസേന ജില്ലയിലെ നിർമാണ മേഖലകളിലേക്ക് എത്തുന്നത്. പാറമടകൾക്കു വിലക്ക് ഏർപ്പെടുത്തിയാൽ ജില്ലയിലെ നിർമാണ മേഖല വൻ പ്രതിസന്ധിയിലാവും. മെറ്റലും കരിങ്കല്ലും ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ വിലയിപ്പോൾ 50 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. വരും മാസങ്ങളിൽ വിലക്കയറ്റത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണു കൺസ്ട്രക്‌ഷൻ അസോസിയേഷന്റെ മുന്നറിയിപ്പ്. വീട് അടക്കമുള്ള ചെറുകിട കെട്ടിടങ്ങൾ പണിയുന്ന സാധാരണക്കാരെയാണു വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത്. വില ഇരട്ടിയിലധികം കരിങ്കല്ലിനും മെറ്റലിനും പുറമേ എം സാൻഡ് എന്ന മണൽ പൊടി നിർമാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇത്തരം സാധനങ്ങൾ ജില്ലയിലെതന്നെ ചെറുകിട പാറമടകളിൽനിന്നാണു വാങ്ങുന്നത്. എന്നാൽ ജില്ലയിലെ പാറമടകൾ പൂട്ടുന്നതോടെ മറ്റു ജില്ലകളിൽനിന്ന് ഉയർന്ന വില കൊടുത്തു മണൽപ്പൊടി വാങ്ങുന്നതിനു കരാറുകാർ നിർബന്ധിതരാവുന്നു. മെറ്റലിനിപ്പോൾ വിലവർധനയാണ്. മറ്റൊരു മേഖലയിലും ഇല്ലാത്ത വിലക്കയറ്റമാണ് നിർമാണമേഖലയിൽ. റോഡുപണി വെള്ളത്തിലാവും മഴക്കാലം കഴിഞ്ഞാൽ റോഡുപണികൾ തകൃതിയായി നടക്കുന്ന കാലമാണ്.

ശബരിമല സീസൺ ആകുമ്പോഴേക്കും പൂർത്തീകരിക്കേണ്ട പഞ്ചായത്ത് റോഡുകൾ ഉൾപ്പെടെ പൊതുമരാമത്ത് പണികൾ മെറ്റൽ ക്ഷാമത്തിൽ വെള്ളത്തിലാകുമെന്നുറപ്പ്. സാധാരണയായി മഴക്കാലം തുടങ്ങുന്നതോടെ കരുതൽ സൂക്ഷിപ്പ് എന്ന നിലയിൽ മെറ്റലും കല്ലും സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തവണ മഴ തുടങ്ങിയപ്പോൾ തന്നെ പല ക്രഷറുകളും ശൂന്യമായി. ചെറുകിടക്കാർ കുരുക്കിലാവും വിലക്കയറ്റവും ലഭ്യതക്കുറവും ഏറ്റവുമധികം ബാധിക്കുന്നതു ചെറുകിട കരാറുകാരെയും നിർമാതാക്കളെയുമാണ്.