വില്ലേജ് ഓഫിസുകളിൽ കയറിയിറങ്ങുന്നവർ അറിയാതെ പറഞ്ഞു പോകും;ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇതാണ്… ഇതാണ്…

കോട്ടയം ∙ സ്ഥലം പോക്കുവരവിനു കയറിയിറങ്ങി മടുത്തവർ, റീ സർവേയിലെ പിഴവുകൾക്കു പരിഹാരം തേടി അലയുന്നവർ, കൃഷി പുരയിടം നിലമാക്കിയ തെറ്റായ രേഖ തിരുത്താൻ ഓടിത്തളർന്നവർ ഇങ്ങനെ നീളുന്നു ജില്ലയിലെ വില്ലേജ് ഓഫിസുകളിലെ മൊത്തത്തിലുള്ള സ്ഥിതികൾ. ഇതേസമയം ഓഫിസ് ക്രമീകരണങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ തത്രപ്പാടിലാണ് അധികൃതർ. ഇതാകട്ടെ പലയിടത്തും പൂർത്തിയായിട്ടുമില്ല. വില്ലേജ് ഓഫിസുകളിൽ വിവിധ കാരണങ്ങളാൽ ഫയലുകളിലെ തീർപ്പുകൾ വൈകുമ്പോൾ പാവപ്പെട്ട കുടുംബങ്ങളുടെ ദുരിതമാണ് ഇരട്ടിയാകുന്നത്.

ഫയൽ പൂഴ്ത്തുന്നവർ ഉണ്ട്, ഉണ്ട്, ഉണ്ട്…

ഫയൽ പൂഴ്ത്തി നടപടി ക്രമങ്ങൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർ ചിലയിടത്തെങ്കിലും ഉണ്ടെന്നാണ് വില്ലേജ് ഓഫിസുകളിലെ വരാന്തകളിൽ കാത്തിരിക്കുന്നവരുടെ വാക്കുകളിൽനിന്നു മനസ്സിലാകുന്നത്. ഇവരുടെ കണ്ണീർ കാണാൻ ഇനിയെങ്കിലും ഉദ്യോഗസ്ഥർ തയാറാകണമെന്നാണ് പൊതുവെയുള്ള വികാരം.

26 വില്ലേജിന് ഒരു സർവേയർ മാത്രം. എങ്ങനുണ്ട്?

ഇതിനു പുറമേ ജീവനക്കാരുടെ കുറവും ഓഫിസ് പ്രവർത്തനങ്ങളെ താറുമാറാക്കുന്നുണ്ട്. പല വില്ലേജുകളിലും വില്ലേജ് ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 26 വില്ലേജുകളാണ് കോട്ടയം താലൂക്കിലുള്ളത്. ഇവിടെ ഒരു സർവേയർ മാത്രമാണ് നിലവിലുള്ളത്. റീ സർവേ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതികൾ ഉള്ളത്. കാഞ്ഞിരപ്പള്ളിയിൽ മാത്രം 400 പരാതികൾ കെട്ടിക്കിടക്കുന്നുണ്ട്.

പൂവരണി വില്ലേജിൽ സ്ഥലങ്ങൾ തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മൂലം ജനങ്ങൾക്ക് വിൽക്കാനോ വായ്പയെടുക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്. തൃക്കൊടിത്താനം വില്ലേജ് ഓഫിസിൽ ആർആർഒ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി രണ്ടും മൂന്നും ആഴ്ച കാത്തിരിക്കേണ്ടതായിവരുന്നു. പായിപ്പാട് കാലങ്ങളായി വില്ലേജ് ഓഫിസർ ഇല്ലായിരുന്നു.

പട്ടയം ഉണ്ട്. കരം എടുക്കില്ല; കടുംപിടിത്തം

കരം സ്വീകരിക്കുമോയെന്ന് ഏഞ്ചൽവാലിക്കാർ ചോദിക്കുന്നു. പട്ടയം ലഭിച്ചിട്ടും കരം ഒടുക്കാനാവാതെ പോയ നാടിന്റെ കഥയാണിത്. റവന്യു വിഭാഗത്തിന്റെ കടുത്ത നിലപാട് മൂലം സ്വന്തം സ്ഥലത്തിന് പട്ടയമുണ്ടോ എന്നു പോലുമറിയാത്ത ഗതികേട് അനുഭവിക്കുകയാണ് ഏഞ്ചൽവാലി നിവാസികൾ.

വനംവകുപ്പിന്റെ ഉടക്ക്;ഫയലിൽ ഉറങ്ങുന്ന പട്ടയം 400

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് പമ്പാവാലിയിലെ 500 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു. ബാക്കി 400 എണ്ണം താലൂക്ക് ഓഫിസിൽ എഴുതി വയ്ക്കുകയും ചെയ്തു. പട്ടയം കൈപ്പറ്റിയ 500 പേർ എരുമേലി തെക്ക് വില്ലേജ് ഓഫിസിൽ കരം അടച്ചു. എന്നാൽ ഇപ്പോൾ പറയുന്നു കരം ഇനി സ്വീകരിക്കില്ലെന്ന്. കാരണം വനം വകുപ്പ് സമ്മതിക്കുന്നില്ല. നിർദിഷ്ട കർഷക ഭൂമിയോട് ചേർന്നാണ് പെരിയാർ ടൈഗർ റിസർവ് എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

ഇതോടെ താലൂക്കിൽ ഫയലിൽ ഉറങ്ങുകയാണ് ബാക്കി നാനൂറ് പട്ടയങ്ങളും.കുമരകം വില്ലേജ് ഓഫിസിൽ കരം എടുക്കാത്തതാണ് പ്രശ്നം. ഇപെമെന്റ് സംവിധാനം വന്നതോടെ പലർക്കും കരം അടയ്ക്കാൻ കഴിയാതെവന്നു. ബാങ്കുകളിൽനിന്നു വായ്പ എടുക്കുന്നതിനു തന്നാണ്ടത്തെ കരം അടച്ച രസീത് വേണം.

മൂന്നു വില്ലേജിന്റെ വിസ്തൃതി; ഓഫിസ് ഒന്നു മാത്രം

മൂന്നു വില്ലേജ് എങ്കിലും ഉണ്ടാകേണ്ട വിസ്തൃതി പാമ്പാടി പഞ്ചായത്തിനുണ്ടെങ്കിലും ഒറ്റ വില്ലേജ് മാത്രമാണ് നിലവിലുള്ളത്. ജീവനക്കാരുടെ എണ്ണം കൂട്ടാൻ‌ നടപടികളില്ലാത്തതിനാൽ യഥാസമയം സേവനം ലഭിക്കാതെ ആളുകൾക്കു പല തവണ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നു. പാമ്പാടി, വെള്ളൂർ, സൗത്ത് പാമ്പാടി എന്നിങ്ങനെ പാമ്പാടിയെ വിഭജിക്കണമെന്നു വർഷങ്ങളായി ആവശ്യമുണ്ട്.

കടുത്തുരുത്തിയിൽ പതിനെട്ട് വില്ലേജുകളിലെ സർവേയുടെ പരാതികൾ പരിഹരിക്കാൻ താലൂക്കിൽ രണ്ട് സർവേയർമാരാണുള്ളത്. മുളക്കുളം വില്ലേജിൽ റീസർവേ നടപടികൾ പൂർത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പലരുടെയും വസ്തുവകകൾ തങ്ങളുടെ പേരിലില്ലാത്ത സ്ഥിതിയാണ്. ഇതിനാൽ കരം അടയ്ക്കാൻ പറ്റുന്നില്ല.

അയ്മനത്ത് മുട്ടുശാന്തി

അയ്മനത്ത് വില്ലേജ് ഓഫിസർ ഇല്ല. പകരം മുട്ടുശാന്തി. കഴിഞ്ഞ രണ്ടു മാസമായി അയ്മനത്ത് വില്ലേജ് ഓഫിസർ ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. കൈപ്പുഴ വില്ലേജ് ഓഫിസർക്ക് ഉച്ച കഴിഞ്ഞ് ഇവിടുത്തെ ചാർജ് നൽകിയിട്ടുണ്ട്. വലിയ വില്ലേജ് ഓഫിസായ ഇവിടെ നൂറുകണക്കിനു പേരാണ് ദിവസവും എത്തുന്നത്. ഉച്ച കഴിഞ്ഞ് വില്ലേജ് ഓഫിസർ എത്തിയതു കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.

നൂറിലേറെ ഉദ്യോഗസ്ഥരുടെ ഒഴിവ്

ജില്ലയിൽ 100ൽ ഏറെ റവന്യു ഉദ്യോഗസ്ഥരുടെ ഒഴിവുണ്ട്. ഇതിൽ കുറച്ചൊഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. 18 സർവേയർമാരാണുള്ളത്. എന്നാൽ വില്ലേജിൽ ഒരു സർവേയർ എന്ന നിലയിൽ ജീവനക്കാർ ഉണ്ടെങ്കിൽ മാത്രമേ സർവേ കാര്യക്ഷമമായി നടത്താൻ കഴിയൂ.