വില 150; വില്‍ക്കാന്‍ റബറില്ല

: രണ്ടു വര്‍ഷത്തിനു ശേഷം റബര്‍വില കിലോഗ്രാമിന്‌ 150 രൂപ കടന്നു. രാജ്യാന്തര വിപണിയിലെ വര്‍ധനയെത്തുടര്‍ന്ന്‌ ഇറക്കുമതി നഷ്‌ടമായതാണു കാരണം. ഇന്നലെ കോട്ടയത്ത്‌ 155 രൂപയ്‌ക്കു വരെ വ്യാപാരം നടന്നെങ്കിലും റബര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വില 150 രൂപയാണ്‌. ശനിയാഴ്‌ച 148 രൂപയായിരുന്നു.
രാജ്യാന്തര വിലയിലും കിലോഗ്രാമില്‍ രണ്ടു രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ഈയാഴ്‌ച തന്നെ വില 160 രൂപ കടന്നേക്കുമെന്നാണു വിപണിയില്‍നിന്നുള്ള സൂചന. ബോര്‍ഡ്‌ വിലയേക്കാള്‍ അഞ്ചു രൂപ കൂട്ടി റബര്‍ വാങ്ങാന്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്‌. എന്നാല്‍, ഒരു മാസത്തിലേറെയായി വില കുതിക്കുമ്പോഴും ഒരു കിലോ റബര്‍ഷീറ്റു പോലും നല്‍കാനില്ലാത്ത ഗതികേടിലാണു കര്‍ഷകരും ചെറുകിട വ്യാപാരികളും.
ചെറുകിട വ്യാപാരികള്‍ മുമ്പ്‌ 100 ടണ്‍ വരെ സംഭരിച്ചു സൂക്ഷിച്ചിരുന്നെങ്കിലും പലപ്പോഴുണ്ടായ നഷ്‌ടം മൂലം അത്‌ നിര്‍ത്തി.
ചരക്കുകിട്ടാനുള്ള കാലതാമസവും വിലവര്‍ധനയുമാണ്‌ ആഭ്യന്തര വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്‌. രാജ്യാന്തര വില ഇന്നലെ 138.26 രൂപ. ഇതിനൊപ്പം 35 ശതമാനം നികുതി കൂടിയാകുമ്പോള്‍ ഇറക്കുമതിക്ക്‌ ആഭ്യന്തര വിലയേക്കാള്‍ കുറഞ്ഞതു 30 രൂപ അധികം നല്‍കണം.
2017 ജൂണിലായിരുന്നു ഇടവേളയ്‌ക്കു ശേഷം വില 150 കടന്നത്‌. അന്ന്‌ 165 രൂപ വരെയെത്തി. പിന്നീട്‌ 110 രൂപയിലേക്കു കൂപ്പുകുത്തി.
വിലത്തകര്‍ച്ചയെത്തുടര്‍ന്നു ഭൂരിഭാഗം കര്‍ഷകരും ഷീറ്റ്‌റബറില്‍ നിന്നു ലാറ്റക്‌സിലേക്കു മാറിയതതും കമ്പനികള്‍ക്കു തിരിച്ചടിയായിരുന്നു.
ലാറ്റക്‌സ്‌ വില ഇന്നലെ അല്‍പ്പം വര്‍ധിച്ച്‌ 130 രൂപ വരെയെത്തി. വില ഉയരുന്നതിനാല്‍, ഷീറ്റ്‌ ഉത്‌പാദനത്തിലേക്കു കര്‍ഷകര്‍ തിരിഞ്ഞാല്‍ ലാറ്റക്‌സിനു കുറവുണ്ടാകുമെന്ന ആശങ്കയാണു വില ഉയര്‍ത്താന്‍ കാരണം.
ഷീറ്റിന്‌ അനുസൃതമായി ഒട്ടുപാല്‍ വില വര്‍ധിക്കാത്തതും കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നുണ്ട്‌.
ഭേദപ്പെട്ട ലാഭമുളളതിനാല്‍ ഒട്ടുപാല്‍ ഉത്‌പാദനത്തിലേക്ക്‌ ഒട്ടേറെ കര്‍ഷകര്‍ തിരിഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്‌ച 98 രൂപ വരെയെത്തിയ വില ഇന്നലെ 95 രൂപയായി.