വിഴിക്കിത്തോട്ടിൽ പ്രകടനത്തിനിടെ സംഘർഷം: 5 ബിജെപിക്കാർക്ക് എതിരെ കേസ്

കാഞ്ഞിരപ്പള്ളി∙ വിഴിക്കിത്തോട്ടിൽ ചൊവ്വാഴ്‌ച്ച വൈകിട്ട് നടന്ന സംഘർഷത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിഴിക്കിത്തോട് സ്വദേശികളായ വിഷ്‌ണു, ജിഷ്‌ണു, അശോകൻ, അരവിന്ദൻ, വൈശാഖ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌റ്റേഷനിൽ ഹാജരായ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കണ്ണൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിഴിക്കത്തോട് ജംക്​ഷനിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘർഷം. പ്രകടനം നടക്കുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ബൈക്ക് ഓടിച്ചു കയറ്റിയെന്നാരോപിച്ചാണ് സംഘർഷം ഉണ്ടായത്.

പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകനെ അകാരണമായി മർദിച്ചുവെന്നും, ബൈക്കുകളും കൊടിമരവും നശിപ്പിച്ചതായും ആരോപിച്ച് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്നലെ വിഴിക്കിത്തോട്ടിൽ പ്രകടനം നടത്തി.