വിവരാവകാശത്തിന് വ്യാജ മറുപടി: പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ പിഴ ചുമത്തി

എരുമേലി: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടി വ്യാജമാണെന്നും കമ്മീഷന് ഉത്തരവ് നടപ്പാക്കാന്‍ കഴിയാതിരുന്നുവെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ പിഴ ചുമത്തി.

എരുമേലി കരിങ്കല്ലുംമൂഴിയില്‍ വലിയ തോടിന് കുറുകേ പാലം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് വിവരാവകാശ അപേക്ഷയില്‍ ഉള്‍പ്പെട്ടിരുന്നത്. പൊതുപ്രവര്‍ത്തകനായ ബിജു വഴിപ്പറമ്പില്‍ നല്‍കിയ അപേക്ഷയില്‍ പാലം നിര്‍മ്മാണത്തിനുള്ള എട്ടംഗ സബ് കമ്മറ്റിയില്‍ ഗ്രാമപഞ്ചായത്തംഗമായ സുജിത്ത് പി. കുളങ്ങരയെ ചെയര്‍മാനായി നിയമിച്ചുവെന്നായിരുന്നു സെക്രട്ടറി നല്‍കിയ മറിപടിയിലുണ്ടായിരുന്നത്. എന്നാല്‍ എട്ടംഗ സബ് കമ്മറ്റിയെ മാത്രമാണ് തെരഞ്ഞെ ടുത്തതെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ അപേക്ഷകന് വ്യാജ മറുപടിയാണ് നല്‍കിയതെന്നും കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു.

കരിങ്കല്ലുംമൂഴിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലത്തിന് സ്വകാര്യവ്യക്തി പണം ചെലവഴിച്ചുവെന്നും എന്നാല്‍ ഇതേ പാലത്തിന് പഞ്ചായത്തും തുക വകയിരുത്തിയിരുന്നതായും സബ് കമ്മറ്റി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഡോ. കുര്യാക്കോസ് കുമ്പളക്കുഴിയുടെതാണ് വിധി.