വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് സുപ്രീംകോടതി

living together
വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ സുപ്രധാന ഉത്തരവ്. മറ്റൊരു സ്ത്രീയുമായി വിവാഹ ബന്ധമുണ്ടായിരുന്ന പങ്കാളി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു.

എന്നാല്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഇയാളില്‍ നിന്നും ചിലവിന് പണം ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തില്‍ സ്വീകാര്യമല്ലെങ്കിലും കുറ്റമോ പാപമോ അല്ല. ഒന്നിച്ച് കഴിയുന്നതിന് വിവാഹിതരാകണമെന്നത് വ്യക്തിപരമായ കാര്യമാണ്. നിയമപരമായി വിവാഹിതരാവുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികള്‍ക്കും കുംബത്തിനുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാകുന്നു. മറിച്ചുള്ള ബന്ധങ്ങളില്‍ ക്ലേശമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമായതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം.

നിയമ നിര്‍മാണം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കരുതെന്നും കോടതി ഓര്‍മപ്പെടുത്തി.

പങ്കാളി വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ഹര്‍ജിക്കാരി ബന്ധം തുടര്‍ന്നത് കൊണ്ട് കേസ് ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ പെടില്ല. നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നത് വിവാഹിതരോട് ചെയ്യുന്ന അനീതിയാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് പ്രതിമാസം 18,000 രൂപ ചെലവിന് നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചത്.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)