വിവാഹം കഴിക്കുവാൻ സമ്മതമില്ല ; യുവതിയുടെ വീടിനു നേരെ ആക്രമണം

കൂട്ടിക്കൽ :യുവതിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിനെ പേരിൽ യുവതിയുടെ വീട് ആക്രമിച്ചതായി പരാതി.

മാത്തുമലയിൽ രണ്ടംഗ സംഘം വീട്ടിൽ കയറി അക്രമം നടത്തിയതായാണ് പരാതി. ഞായര്‍ രാത്രി 11.30നു നടന്ന അക്രമത്തിൽ പത്തു പേർക്കു പരുക്കേറ്റു. മണൽപാറയിൽ വിജയൻ (48), ഭാര്യ രാധാമണി (47), മകൾ അഞ്ജുമോൾ (20), മകൻ അരുൺ (26), അരുണിന്റെ ഭാര്യ വിജി (25), മക്കളായ ആരുഷ് (രണ്ട്), അരുണിമ (അഞ്ച്), അയൽവാസി പ്ലാത്തോട്ടം സൂസമ്മ (55), മകൾ രമ്യ (26), രമ്യയുടെ ഭർത്താവ് ദീപു (32) എന്നിവർക്കാണു പരുക്കേറ്റത്.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ: അയൽവാസിയായ യുവാവ് വിജയന്റെ മകളെ വിവാഹം കഴിച്ച് നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവാവും സഹോദരീ ഭർത്താവും ചേർന്നു രാത്രിയിൽ വീടിനു നേരെ കല്ലേറ് നടത്തുകയും വീട്ടിൽ കയറി അക്രമം നടത്തുകയുമായിരുന്നു.

അക്രമത്തെ തുടർന്ന് ഭയന്നോടി വിജയനും കുടുംബവും അയൽവാസിയായ സൂസമ്മയുടെ വീട്ടിൽ അഭയം തേടിയപ്പോൾ സൂസമ്മയുടെ വീടിനു നേരെയും കല്ലേറ് നടത്തി. രാത്രിയിൽ പൊലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.