വിവാഹത്തിരക്കിനിടെ കാണാതായ മകളെ ബന്ധുവീട്ടിൽ കണ്ടെത്തി; ആശങ്കയ്ക്കു വിരാമം

എരുമേലി ∙ വിവാഹത്തിനെത്തിയ പെൺകുട്ടി തിരക്കിനിടെ അമ്മയെ കണ്ടെത്താത്തതിനെ തുടർന്നു ബന്ധുവീട്ടിൽ അഭയം തേടി. മകളെ അന്വേഷിച്ചു വിവശയായ അമ്മ നാട്ടുകാരെ വിവരം അറിയിച്ചതിനെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ എരുമേലിയിൽ നടന്ന വിവാഹത്തിനിടെയാണു സംഭവം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണു യുവതിയും മകളും. കല്യാണത്തിരക്കിനിടെ യുവതിയും 9 വയസ്സുള്ള മകളും വേർപെട്ടുപോയി. മകളെ കാണാതായതോടെ വേവലാതിപ്പെട്ട അമ്മ ഉറ്റവരോടു വിവരം പറയുകയായിരുന്നു.

കാര്യങ്ങൾ കേട്ടു നിന്ന ഫൊട്ടോഗ്രഫർ ഉടൻ വിവരം പൊലീസിനു കൈമാറി. പിന്നീട് എരുമേലി പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. പെൺകുട്ടി പോകാൻ സാധ്യതയുള്ള സ്ഥലം അന്വേഷിച്ച് ബന്ധുവീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കു വിരാമമായി.