വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിലിനിയാരും വിശന്നിരിക്കേണ്ട. നവ മാദ്ധ്യമ-സന്നദ്ധ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ് ഫ്രണ്ടും ( സാഫ്) കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റും കൈകോർത്ത വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമായി. പണമില്ലാത്തതിനാൽ വിശന്നിരിക്കുന്ന അർഹരായ ആർക്കും പട്ടണത്തിന്റെ നാല് ഭാഗത്തായി പ്രവർത്തിക്കുന്ന കൗണ്ടറുകളിലെത്തി കൂപ്പൺ കൈപ്പറ്റി നിർദ്ദിഷ്ട ഹോട്ടലുകളിലെത്തി വയറ് നിറയെ ഭക്ഷണം കഴിക്കാം. വിവിധ ആവശ്യങ്ങൾ നഗരത്തിലെത്തുന്നവർക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാവുന്ന സംരംഭത്തിന് അഞ്ചിലിപ്പ അഭയഭവനിലെ നിവാസികൾക്ക് ഭക്ഷണപ്പൊതി എത്തിച്ച് നൽകിയാണ് തുടക്കമിട്ടത്.

പട്ടണത്തിലെ ചെറുതും, വലുതുമായ എല്ലാ ഹോട്ടലുകളും പങ്കാളികളാകുന്ന പദ്ധതിക്ക് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡംഗം എം.എ.റി ബിൻ ഷാ, സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി ബാബു പൂതക്കുഴി, സന്നദ്ധ പ്രവർത്തകരായ ഷാജി വലിയകുന്നത്ത്, റിയാസ് കാൾടെക്സ്, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു, ഹോട്ടൽ ആൻഡ് റസ്റ്റോറ്റൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷരീഫ് തൗഫീഖ്, കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് അയൂബ് ഓൾ ഇൻ വൺ, സെക്രട്ടറി ഷാഹുൽ ഹമീദ് ആപ്പിൾ ബീ, ട്രഷറർ സുനിൽ സീ ബ്ലു എന്നിവരുൾപ്പെട്ട പത്തംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ആരോടും പണം സ്വീകരിക്കാതെയുള്ള പ്രവർത്തനമാണ് നടത്തുകയെന്ന് കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങൾ പറഞ്ഞു.നവം.15 ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തുടക്കദിനത്തിൽ നൂറോളം പേർ ഇതിൽ പങ്കാളികളായി.