വിശ്രമവും ഭക്ഷണവും ഇല്ലാതെ 20 മണിക്കൂര്‍ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചു

web-cm

തുടര്‍ച്ചയായി 20 മണിക്കൂറോളമാണ് മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചത്. അതും, ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ച്. കരിക്കിന്‍വെള്ളവും സംഭാരവും മാത്രമാണ് ഇടയ്ക്ക് കഴിച്ചത്. ഇരുന്നും നിന്നും നടന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയും അദ്ദേഹം പരാതികള്‍ സ്വീകരിച്ചു; പരിഹാരംകണ്ടു. പരാതി നല്‍കാന്‍ എത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എല്ലാം മൂന്നുനേരവും ഭക്ഷണവും ചായ, സംഭാരം, ചുക്കുകാപ്പി, ബിസ്‌കറ്റ്, കുടിവെള്ളം എന്നിവയും നല്‍കിയപ്പോള്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെയായിരുന്നു 20 മണിക്കൂര്‍ പരാതികള്‍ സ്വീകരിച്ചത്.

ഞായറാഴ്ച വൈകീട്ട് കൂരോപ്പടയിലും പാമ്പാടിയിലും നടന്ന പരിപാടികളില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തിനുപോയ മുഖ്യമന്ത്രി ജനസമ്പര്‍ക്കപരിപാടി നടന്ന തിങ്കളാഴ്ച രാവിലെ ഏഴുമണിക്കാണ് നാട്ടകം ഗസ്റ്റ്ഹൗസില്‍ എത്തിയത്. 7.40ന് അവിടെനിന്നു പുറപ്പെട്ട് എട്ടുമണിയോടെ അദ്ദേഹം ജനസമ്പര്‍ക്കപരിപാടിയിലെ വേദിയിലെത്തി.

മുഖ്യമന്ത്രിക്ക് വിശ്രമിക്കാനായി വേദിയുടെ പിറകില്‍ പ്രത്യേകമുറിയും കട്ടിലുംമറ്റും ഒരുക്കിയിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല.