വിഷരഹിത പച്ചക്കറി കൃഷിയിൽ എലിക്കുളം മാതൃക

പൊൻകുന്നം∙ വിഷരഹിത പച്ചക്കറിയുമായി എലിക്കുളം പഞ്ചായത്ത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്‌ത ഗ്രാമമാകുക എന്ന ലക്ഷ്യവുമായി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ മുറ്റത്ത് നട്ടുവളർത്തിയ പാവലും വഴുതനയും പയറും കണിവെള്ളരിയുമെല്ലാം നൂറുമേനി വിളവ് തിരികെ നൽകി. ഓഫിസ് വളപ്പിൽ നട്ടുവളർത്തിയ പച്ചമുളക്, വിവിധയിനം ചീരകൾ തുടങ്ങിയവയും മികച്ച വിളവുമായി തല ഉയർത്തി നിന്നു. രാസവളം പൂർണമായും ഒഴിവാക്കിയ കൃഷിയിൽ വേപ്പിൻപിണ്ണാക്കും വേപ്പെണ്ണയും കീടങ്ങൾക്കെതിരെ വെളുത്തുള്ളി മിശ്രിതവും തുടങ്ങി പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ജൈവവള രീതിയാണ് കൃഷിക്കായി ഉപയോഗിച്ചത്. പഞ്ചായത്ത് പ്രസിഡന്റും മെംബർമാരും ജീവനക്കാരുമാണ് വിളകളെ പരിപാലിച്ചു പോരുന്നത്.

സമ്പൂർണ ജൈവഗ്രാമം എന്ന ലക്ഷ്യവുമായി പഞ്ചായത്തിലെ 16 വാർഡിലും സമാനമായ രീതിയിൽ ജൈവപച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇതിനു പുറമേ അടുക്കളത്തോട്ടം ഗ്രോ ബാഗ് പച്ചക്കറികൾ, മഴമറകൾ, പോളിഹൗസുകൾ തുടങ്ങിയ രീതികളിലും എലിക്കുളത്ത് പച്ചക്കറി ഉൽപാദനം നടത്തുന്നുണ്ട്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലും ജൈവകൃഷി നടത്തി നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് കഴിഞ്ഞ അധ്യയനവർഷത്തിനു ശേഷം വിദ്യാർഥികൾ അവധിക്കാലത്തേക്കു കടന്നത്. കൃഷി ഓഫിസർ വി.ആർ. വേണു ഗോപാലൻ നായർ, അസിസ്‌റ്റന്റുമാരായ എം. റെജിമോൻ, കെ.കെ. അശോകൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.