വി എസ്സിന് ഇന്ന് തൊണ്ണൂറുവയസ്സ് തികയുന്നു.

vs-web

കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപ്രീതിയുള്ള ജന നായകന് ഇന്ന് തൊണ്ണൂറുവയസ്സ് തികയുന്നു.

ഒരിക്കലും തളരാത്ത പോരാളി എന്ന പേരിനു ഒരേ ഒരു അർഥം മാത്രം .അതാണ് സി.പി.എമ്മിന്റെ സ്ഥാപകരില്‍ ജീവിച്ചിരിക്കുന്ന ഏകയാളായ വി എസ് .

പോരാട്ടത്തിനപ്പുറം, നിറവിനുമപ്പുറം വിവാദപ്പൂത്തിരിയാണ് ചുറ്റും. ജീവിതത്തില്‍ എപ്പോഴുമെന്നപോലെ….. വി.എസ്. അത് നേരിടുന്നു; ആരേയും കൂസാതെ.

പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ തെളിവെടുപ്പ്, ടി.വി.ചാനലുകള്‍ക്ക് നല്‍കിയ വിവാദ അഭിമുഖങ്ങള്‍, ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ സകല രാഷ്ട്രീയത്തിന്റേയും നിലപാടിനെ വെല്ലുവിളിച്ച് നടത്തിയ ഗാഡ്ഗില്‍ അനുകൂല പരാമര്‍ശം, പാര്‍ട്ടിയുടെ ശിക്ഷാനടപടി ഏതുസമയവുമുണ്ടാകുമെന്ന് ഭീഷണി…..വിവാദങ്ങള്‍ക്ക് ഈ കാലത്തും പഞ്ഞമില്ല. കതിനകള്‍ പൊട്ടിവരുന്ന കൊടുംവെളിച്ചം പൂത്തിരിയാക്കി വി.എസ്. തൊണ്ണൂറിലേക്ക് കടക്കുകയാണ്.

1923 ഒക്ടോബര്‍ 20നാണ് വി.എസ്.ജനിച്ചത്. സി.പി.എമ്മിന്റെ സ്ഥാപകരില്‍ ജീവിച്ചിരിക്കുന്ന ഏകയാളായ വി.എസ് തൊണ്ണൂറില്‍ തൊടുമ്പോള്‍, പിന്നില്‍ തെളിയുന്നത് കാലം കാത്തുവെച്ച രണരേഖകള്‍. പുന്നപ്ര-വയലാര്‍ സമരത്തിന് നായകത്വം വഹിച്ചതിന് 1946 ഒക്ടോബര്‍ 28 ന് അറസ്റ്റിലാകുന്നതുമുതല്‍ തുടങ്ങുന്നു ആ ചരിത്രവഴി. ഇന്ത്യ-ചൈന യുദ്ധക്കാലത്തും അടിയന്തരാവസ്ഥയിലുമൊക്കെ ഭരണകൂടം വി.എസ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചരവര്‍ഷക്കാലം വി.എസ്. ജയിലില്‍ കിടന്നിട്ടുണ്ട്. 1967-ല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ദീര്‍ഘകാലം ഉഗ്രശാസകനായി പാര്‍ട്ടിയെ നയിച്ചു. 1996-ലെ തിരഞ്ഞെടുപ്പില്‍മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും വിഭാഗീയതയുടെ കുത്തൊഴുക്കല്‍ വി.എസ് പെട്ടുപോയി. 98-ലെ പാലക്കാട് സമ്മേളനത്തില്‍ എതിരാളികളെ വെട്ടിനിരത്തി. 2001-ല്‍ പ്രതിപക്ഷനേതാവായി രണ്ടാമൂഴമെത്തുമ്പോള്‍ വി.എസ്.ആകെ മാറിയിരുന്നു. പാര്‍ട്ടിയുടെ താത്വിക, ദേശീയ നിലപാടുകളെപ്പോലും വെല്ലുവിളിച്ച് വി.എസ്.ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. അഴിമതിക്കാര്‍ക്കെതിരേയും മണല്‍ മാഫിയയ്‌ക്കെതിരേയും വനംകൊള്ളക്കാര്‍ക്കെതിരേയും ഒന്നും ചെയ്യാന്‍ കഴിയാതെ പകച്ചുനിന്ന ജനത്തിന്റെ വീരനായകനായി വി.എസ്.മാറി. 2006-ല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാതിരുന്നപ്പോള്‍ ജനം ഇടപെട്ടു.

വി.എസ്.മുഖ്യമന്ത്രിയായി. പാര്‍ട്ടിക്കകത്തും സര്‍ക്കാരിനകത്തും സമരം തുടര്‍ന്നു. പലതവണ പാര്‍ട്ടി വി.എസ്സിനെ വിലക്കി, ശാസിച്ചു, ദൂഷിച്ചു, താക്കീത് നല്‍കി….പാര്‍ട്ടിയുടെ ചാട്ടവാറില്‍ വി.എസ് ‘നന്നായില്ല’. അദ്ദേഹം സമരം തുടര്‍ന്നു.ജീവിതം തുടര്‍ന്നു.

ഈ പോരാളി തൊണ്ണൂറു കഴിഞ്ഞു ഇനി നൂറില്‍ തൊടുമെന്ന പ്രതീക്ഷയാണ് കേരളത്തിലെ ജനങൾക്ക് ..