വീടുകൾ ‘ സ്കെച്ച് ചെയ്ത് ’ കള്ളന്മാർ; ജനം ഭീതിയിൽ

കോട്ടയം∙ കവർച്ചയ്ക്കു തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷ്ടാക്കൾ പതിപ്പിക്കുന്ന തരം അടയാളങ്ങൾ നട്ടാശേരിയിലെ രണ്ടു വീടുകളിൽ കണ്ടതോടെ ജനങ്ങൾ ഭീതിയിൽ. പുത്തേട്ട് കരങ്ങേലിപ്പടി റോഡിനു സമീപമുള്ള തെങ്ങുംപള്ളിൽ ഡോ. പ്രകാശിനി ടോം, മുരിക്കോലി ബാബു എന്നിവരുടെ വീട്ടിലാണു കറുത്ത സ്റ്റിക്കറുകൾ ത്രികോണ ആകൃതിയിൽ ഒട്ടിച്ചതായി കണ്ടെത്തിയത്. പ്രകാശിനിയുടെ വീടിന്റെ മുൻഭാഗത്തെ ജനലിന്റെ പടിയിലാണു രണ്ടു സ്റ്റിക്കറുകൾ പതിച്ചത്.

മൂന്നു വർഷം മുൻപ് ഈ വീട്ടിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 20ന് ഉച്ചയ്ക്കാണ് അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നു ഡോ. പ്രകാശിനി പറഞ്ഞു. അന്ന് ചില നാടോടികൾ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മോഷണം നടത്തേണ്ട വീടുകൾ തിരിച്ചറിയാൻ വേണ്ടിയാകാം സ്റ്റിക്കറുകൾ പതിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു. പൊലീസ് നിർദേശത്തെ തുടർന്ന് ഇവ വീട്ടുകാർ ഇളക്കിമാറ്റി. ബാബുവിന്റെ വീടിന്റെ രണ്ടാം നിലയിലാണു സ്റ്റിക്കറുകൾ.പ്രത്യേക പൊലീസ് പട്രോളിങ് ഏർപ്പെടുത്തി.