വീട്ടമ്മയുടെ കൊലപാതകം: പിതാവിനും പിതൃസഹോദരനും പങ്കെന്ന് മകൾ

മണിമല : ∙അമ്മയുടെ കൊലപാതകത്തിനു പിന്നിൽ പിതാവിനും പിതൃസഹോദരനും പങ്കുണ്ടെന്നു കാട്ടി മകൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ചാരുവേലി കാവുങ്കൽ ശോശാമ്മ കഴിഞ്ഞ ഏഴിനു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണു മകൾ ജൂലി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയത്.

ശോശാമ്മയെ ഭർത്താവ് വർഗീസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്. ഇയാൾ ഇപ്പോൾ ജയിലിലാണ്. കൊലപാതകം നടക്കുന്നതിന് ഏതാനും നാളുകൾക്കു മുൻപ് വർഗീസിന്റെ സഹോദരൻ വീട്ടിലെത്തി തന്നെ ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടി മണിമല പൊലീസിൽ ശോശാമ്മ പരാതി നൽകിയിരുന്നു.

എന്നാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. ശോശാമ്മയുടെ പേരിലുള്ള 5 സെന്റ് സ്ഥലം വർഗീസിന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണു മർദനമെന്നു പരാതിയിൽ പറയുന്നു. പൊള്ളലേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, ആക്രമണത്തിൽ ഭർത്താവിനു പുറമേ ഭർതൃ സഹോദരനും പങ്കുണ്ടെന്നു ശോശാമ്മ പറയുന്ന വിഡിയോയും കൈവശമുണ്ടെന്നു ജൂലി പറയുന്നു.