വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയ ടൂത്ത് ബ്രഷ് 5 ദിവസത്തിനു ശേഷം പുറത്തെടുത്തു

മുണ്ടക്കയം ∙ വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയ ടൂത്ത് ബ്രഷ് 5 ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശി 40 വയസ്സുകാരിക്ക് ഗ്യാസ്ട്രോ എൻഡറോളജി വിഭാഗത്തിൽ നടത്തിയ എൻഡോസ്കോപ്പി ചെയ്താണ് ആമാശയത്തിൽ നിന്ന് ബ്രഷ് പുറത്തെടുത്തത്.

30 നാണ് ഇവർ 15 സെന്റീമീറ്റർ നീളമുള്ള ബ്രഷ് വിഴുങ്ങിയത്. പല്ല് തേക്കുന്നതിനിടെ തൊണ്ടയിലെ തടസ്സം നീക്കുന്നതിന് ബ്രഷ് ഉപയോഗിച്ച് കുത്തിയപ്പോൾ വിഴുങ്ങി പോയതായി ഇവർ പറഞ്ഞു. വിവരം വീട്ടിൽ ആരെയും അറിയിച്ചില്ല. കഴിഞ്ഞ ദിവസം തൊണ്ടയിൽ മുറിവും പഴുപ്പും ഉണ്ടായതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിൽസ തേടിയത്.

വിഭാഗം മേധാവി ഡോ. എൻ. പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത്ര നീളം കൂടിയ സാധന സാമഗ്രികൾ ആമാശയത്തിൽ കുടുങ്ങിയാൽ അവിടെ വച്ച് മുറിച്ച് ചെറു കഷണങ്ങളാക്കി പുറത്തെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബ്രഷ് ചെറു കഷണങ്ങളാക്കി പുറത്തെത്തിക്കുന്നത് അപകടത്തിന് കാരണമാകുമെന്നു കണ്ടാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ മുഴുവനും സുരക്ഷിതമായി പുറത്തെടുത്തത്.