വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു

കാഞ്ഞിരപ്പള്ളി: വീടിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പട്ടാപ്പകല്‍ മോഷ്ടിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ പുത്തന്‍വീട്ടില്‍ പി.കെ. കബീറിന്റെ ഉടമസ്ഥതയിലുള്ള വെള്ള ഇന്‍ഡിക്ക കാര്‍ ആണ് മോഷ്ടിച്ചത്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.വീടിനുസമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉടമ കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയ ഉടമ തിരിച്ചുവന്നപ്പോള്‍ കാര്‍ കണ്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാവിലെ 10 മണിയോടെ പൊന്‍കുന്നത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് കാര്‍ പോകുന്നത് കണ്ടതായി ആള്‍ക്കാര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.