വീണ്ടും അതീവ ജാഗ്രത; നാൽപതുകാരന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതികോട്ടയം ∙ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതരിൽ ഒരാളുടെ വീട് ഉൾപ്പെടുന്ന വെള്ളാവൂർ കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നതിനു നടപടി തുടങ്ങി. വിദേശത്തു നിന്നു മടങ്ങിയെത്തിയ മേലുകാവ് സ്വദേശി ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നതിനാൽ അവിടെ കണ്ടെയ്ൻമെന്റ് സോണിന് സാധ്യത കുറവായിരിക്കും. കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാറശാല സ്വദേശിയായ നാൽപതുകാരന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

തീവ്രപരിചരണ വിഭാഗത്തിലെ നോൺ ഇൻവേസീവ് വെന്റിലേറ്ററിന്റെ പിന്തുണയിലാണ് ഇദ്ദേഹം കഴിയുന്നത്. പ്രമേഹ രോഗിയാണ്, ഗുരുതരമായ ശ്വാസംമുട്ടലും ഉണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കൂടിയ നിലയിലായിരുന്നു. ഇപ്പോൾ കുറഞ്ഞു. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഓരോ മണിക്കൂറും ഇടവിട്ട് ആരോഗ്യസ്ഥിതി പകർച്ചവ്യാധി വിഭാഗം വിലയിരുത്തുന്നു.

വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ചേർന്നാണു തുടർ ചികിത്സ തീരുമാനിക്കുന്നത്.ഇന്നലെ 2 രോഗികൾ കൂടി എത്തിയതോടെ മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8 ആയി. ഇന്നലെ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 90 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു.2 വയസ്സുകാരനു രോഗം നെഗറ്റീവാണെന്നു കണ്ടെത്തി.

എന്നാൽ കുട്ടിയുടെ അമ്മയുടെ രണ്ടാമത്തെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയാൽ മാത്രമേ ഇരുവരെയും ഡിസ്ചാർജ് ചെയ്യൂ. കുവൈത്തിൽ നഴ്സായ ഇവരുടെ ആദ്യ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്നു രണ്ടാമത്തെ ഫലം എത്തുമെന്നാണു കരുതുന്നത്. കുട്ടിയെ നോക്കുന്നതിനു മുത്തശ്ശിയെ സഹായത്തിനു നിർത്തിയിട്ടുണ്ട്. സ്രവ സാംപിൾ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവ് ആണ്. 

ക്വാറന്റീൻ പൂർത്തിയാക്കി 10 പേർ മടങ്ങി

കോതനല്ലൂർ തൂവാനീസ ക്വാറന്റീൻ സെന്ററിൽ സർക്കാർ നിർദേശിച്ച നിരീക്ഷണ കാലാവധി പൂർത്തിയാക്കി ഇന്നലെ 10 പേർ വീടുകളിലേക്കു മടങ്ങി. 6 പേർ പുരുഷൻമാരും 4 പേർ സ്ത്രീകളുമാണ്. 7 പ്രവാസികളും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ 3 പേരുമാണു വീടുകളിലേക്കു പോയത്. ഇവർ വീടുകളിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.

കഴിഞ്ഞ 7ന് അബുദാബിയിൽ നിന്ന് ആദ്യ വിമാനത്തിൽ എത്തിയവരാണ് ഇന്നലെ നിരീക്ഷണം പൂർത്തിയാക്കി മടങ്ങിയത്. ബഹ്റൈനിൽ നിന്നെത്തിയ 9 പേർ ഇന്നു നിരീക്ഷണ കാലാവധി പൂർത്തിയാക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 41 പേർ ഇവിടെ കഴിയുന്നുണ്ട്.നിരീക്ഷണ കാലാവധിയിൽ കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയവരെയാണു വീടുകളിലേക്ക് അയയ്ക്കുന്നത്.