വീണ്ടും ജീവൻ വയ്ക്കുന്നു ഈ തോടിന്

കാഞ്ഞിരപ്പള്ളി∙ നീർച്ചാലുകൾ പോലും കയ്യേറി നീരൊഴുക്കു തടയുന്ന കാലത്ത് ഒരു തോട് തന്നെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ആനക്കല്ല് പൊന്മല നിവാസികൾ. തോടിന്റെ തീരത്ത് താമസിക്കുന്നവരാണ് ശോചനീയാവസ്ഥയിലായ തോട് ശുചീകരിച്ചും നവീകരിച്ചും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

ചിറ്റാർ പുഴയുടെ പ്രധാന കൈത്തോടുകളിൽ ഒന്നാണ് പൊന്മല തോട്. പോളയും ചെളിയും അടിഞ്ഞ് പലയിടങ്ങളിലും നീരൊഴുക്കു നിലച്ച സ്ഥിതിയിലെത്തി. ജനിച്ച നാൾ മുതൽ കണ്ടും ഉപയോഗിച്ചും വളർന്ന തോട് ഇല്ലാതാകുന്ന അവസ്ഥയാണ് തീരത്തു താമസിക്കുന്നവരെ തോട് നവീകരിക്കാൻ പ്രേരിപ്പിച്ചത്.

പുതുപറമ്പിൽ റിയാസ്, തെക്കേനാത്ത് പി.എസ്.നൗഷാദ് , കരോട്ട് മഠത്തിൽ റസിലി, പാലയ്ക്കൽ ഷിബിലി, മുല്ലയ്ക്കൽ ഷാജി എന്നിവർ ചേർന്ന് ഇതുവരെ ഒരു ലക്ഷത്തോളം രൂപ തോട് നവീകരണത്തിനായി ചെലവഴിച്ചു കഴിഞ്ഞു. നിലവിൽ തോടിന്റെ 300 മീറ്ററോളം ദൂരം ഇവർ നവീകരിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോളയും ചെളിയും നീക്കം ചെയ്ത് തോടിന്റെ ആഴവും വീതിയും വീണ്ടെടുത്തു.

അഞ്ചടിയോളം വീതിയിലേക്കു ചുരുങ്ങിയ തോടിന് നിറഞ്ഞൊഴുകാൻ 20 അടിയോളം വീതിയാക്കി.തോടിന്റെ തുടർസംരക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയിടെ നേതൃത്വത്തിൽ തോട് സംരക്ഷണ സമിതിക്കും ഇവിടെ രൂപം നൽകിയിട്ടുണ്ട്. ഹരിതകേരളം മിഷൻ റിസോഴ്സ് പഴ്സൻമാരായ അൻഷാദ് ഇസ്മായിൽ, വിപിൻ രാജു എന്നിവരും തോടു നവീകരണ പദ്ധതിക്ക് നേതൃത്വം നൽകുന്നുണ്ട്

ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ഇവിടെ നിർമിക്കുന്ന ചെക്ക്ഡാം പൂർത്തിയായാൽ കൂടുതൽ വെള്ളം തടഞ്ഞു നിർത്തുവാനും കഴിയും. വണ്ടൻപാറ ശുദ്ധജല പദ്ധതിക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പാറത്തോട് പഞ്ചായത്തിലെ 16,17 വാർഡുകളിലായി 420 കുടുംബങ്ങളിൽ ശുദ്ധജലമെത്തിക്കുന്ന വണ്ടൻപാറ ശുദ്ധജലപദ്ധതിയുടെ പമ്പ്ഹൗസും കുഴൽ കിണറും തോടിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.