വീണ്ടും ധോണി .. വീണ്ടും ഇന്ത്യക്ക് കിരീടം

ശ്രീലങ്ക: 48.5 ഓവറില്‍ 201
ഇന്ത്യ: 49.4 ഓവറില്‍ ഒന്‍പതിന് 203

dh 1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വീണ്ടുമൊരു മഹി മാജിക്. ക്യാപ്റ്റന്റെ മാജിക്കില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു കിരീടം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉദ്വേഗഭരിതമായ മത്സരത്തിന്റെ അവസാന ഓവറിലാണ് തീര്‍ത്തും അവിശ്വസനീയമായ പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ ധോനി ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം നേടിത്തന്നത്.

ഫൈനലില്‍ ശ്രീലങ്കയെ ഒരൊറ്റ വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. രണ്ടു പന്ത് കൂടി ശേഷിക്കെയാണ് ധോനി ടീമിന് സമീപകാലത്തെ ഏറ്റവും ആവേശോജ്വലമായ കിരീടജയം പടപൊരുതി നേടിയത്. ഒരു വിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന ഇന്ത്യയ്ക്ക് എറംഗ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. തീര്‍ത്തും അപ്രാപ്യമെന്ന് സകലരും എഴുതിത്തള്ളിയ വിജയലക്ഷ്യം. ആകെയുള്ള പ്രതീക്ഷയാവട്ടെ ധോനി ബാറ്റിലൊളിപ്പിച്ച ഇന്ദ്രജാലവും. ക്യാപ്റ്റന്‍ പ്രതീക്ഷ തെറ്റിച്ചില്ല.

എറംഗയുടെ ആദ്യത്തെ ഫുള്‍ ഡെലിവറി ധോനിയുടെ ബാറ്റിനെ കടന്നു പോയതോടെ ഇന്ത്യയുടെ ചങ്കിടിപ്പ് കൂടി. പവലിയനില്‍ ടീമംഗങ്ങളത്രയും തലയ്ക്കു കൈകൊടുത്ത് കുനിഞ്ഞിരുന്നു. ഇവരിലേയ്ക്ക് ഊര്‍ജം പ്രവഹിപ്പിച്ചുകൊണ്ട് രണ്ടാമത്തെ പന്ത് അത്ഭുമായി നിലംതൊടാതെ ഗ്രൗണ്ടിന് പുറത്തേയ്ക്ക്. മൂന്നാമത്തെ പന്ത് പോയിന്റിന് മുകളിലൂടെ വീണ്ടും അതിര്‍ത്തി കടന്നു. ഇനി വേണ്ടത് മൂന്ന് പന്തില്‍ നിന്ന് അഞ്ച്. അവസാന പന്തിനായി കാത്തിരിക്കാന്‍ ധോനിയിലെ അത്ഭുത പ്രതിഭ ഒരുക്കമായിരുന്നില്ല. നാലാമത്തെ പന്ത് എക്‌സ്ട്രാ കവറിലൂടെ വീണ്ടും പുറത്തേയ്ക്ക്. ഓവറിലെ രണ്ടാമത്തെ സിക്‌സ്.

ഒരറ്റത്ത് കൂട്ടമരണത്തിന് സാക്ഷിയായി 98 മിനിറ്റ് നേരം ക്ഷമയോടെ ക്രീസില്‍ നിന്ന ധോനി നേടിയത് അവസാന ഓവറിലെ ഈ രണ്ടു സിക്‌സുകള്‍ മാത്രം. മരണത്തിന്റെ വക്കില്‍ നിന്ന് ഇന്ത്യ വീരോചിതമായ വിജയത്തിലേയ്ക്ക്. 52 പന്തില്‍ നിന്ന് 45 റണ്‍സായിരുന്നു കളിയിലെ കേമനായ ധോനിയുടെ സംഭാവന. രണ്ട് റണ്ണൗട്ടുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇശാന്ത് ശര്‍മ ഏഴു പന്ത് നേരിട്ട് രണ്ടു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

202 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ഏറെക്കുറെ അനായാസമായി നീങ്ങിയ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത് ഇടങ്കയ്യന്‍ സ്പിന്നര്‍ രെങ്കണ്ണ ഹെരാത്താണ്. പത്തോവറില്‍ നാല് ഇന്ത്യന്‍ വിക്കറ്റുളാണ് ഹെരാത്ത് പിഴുതത്. രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തികും ജഡേജയും അശ്വിനുമാണ് ഹെരാത്തിന്റെ കുത്തിത്തിരിഞ്ഞ മാരകമായ പന്തുകളില്‍ വിക്കറ്റ് കളഞ്ഞത്. ഇതില്‍ ജഡേജയും അശ്വിനും അടുത്തടുത്ത പന്തുകളിലാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയത്. എരംഗ രണ്ടു വിക്കറ്റെടുത്തു. 89 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ . റെയ്‌ന 32 ഉം കാര്‍ത്തിക് 23 ഉം റണ്‍സെടുത്തു. ധോനിക്ക് രണ്ടും ശിഖര്‍ ധാവന് 16 ഉം റണ്‍സ് മാത്രമാണ് നേടാനായത്.

നേരത്തെ രവീന്ദ്ര ജഡേജയുടെ മികവുറ്റ ബൗളിങിന് മുന്നില്‍ കാലിടറിപ്പോയ ശ്രീലങ്കയെ ഇരുന്നൂറ് റണ്‍സ് കടത്തിയത് സംഗകാരയും (71) തിരിമനെയുമാണ് (46). 37.4 ഓവറില്‍ രണ്ടിന് 171 എന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. 250ന് മുകളില്‍ സ്‌കോര്‍ കണക്കൂകൂട്ടിയ അവരെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കാനായത് അവസാന ഓവറുകളിലെ തന്ത്രപൂര്‍വമായ ബൗളിങ്ങാണ്. 12.2 ഓവറില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. നാലു വിക്കറ്റ് വീഴത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. മുന്‍നായകന്‍ കുമാര്‍ സംഗക്കാരയും (71) ലാഹിരു തിരിമാനെ(46)യും മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തുനില്പ് നടത്തിയത്. സ്‌കോര്‍: ശ്രീലങ്ക 48.5 ഓവറില്‍ 201ന് പുറത്ത്.

ടീമിലേക്ക് തിരിച്ചെത്തിയ നായകന്‍ മഹേന്ദ്രസിങ് ധോനി ടോസ് ജയിച്ച് എതിരാളികളെ ബാറ്റു ചെയ്യാന്‍ വിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഓപ്പണിങ് സ്‌പെല്ലില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഈ നീക്കം. അത് ഫലം കാണുകയും ചെയ്തു.ഏഴാം ഓവറില്‍ ഉപുല്‍ തരംഗ(11)യെ മടക്കി ഭുവനേശ്വര്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മികച്ച ഫോമില്‍ ബാറ്റു ചെയ്ത ജയവര്‍ധനെ(22) ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് മുന്നേറുമ്പോള്‍ ഭുവനേശ്വര്‍ വീണ്ടും രക്ഷകനായി.

ഇന്ത്യന്‍ ബൗളര്‍മാര്‍ മേധാവിത്തം സ്ഥാപിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സംഗക്കാരയും തിരിമാനെയും ചേര്‍ന്ന് നങ്കൂരമിട്ടു. ഇരുവരും സാവധാനം നിലയുറപ്പിച്ച് ബൗളര്‍മാരെ മെരുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. സെഞ്ച്വറി കൂട്ടുകെട്ട് (122 റണ്‍സ്) ഉയര്‍ത്തിയ ഈ സഖ്യം ടീമിനെ ശക്തമായ നിലയിലേക്കുയര്‍ത്തി. പവര്‍പ്ലേയിലെ അഞ്ച് ഓവറുകളില്‍ 36 റണ്‍സ് നേടിയെങ്കിലും മൂന്നു വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. സെഞ്ച്വറി കൂട്ടുകെട്ടിനുശേഷം കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ച് അവര്‍ക്ക് മുഴുവന്‍ ഓവര്‍ ബാറ്റ ുചെയ്യാന്‍ പോലുമായില്ല. ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയും അശ്വിനും ഇഷാന്ത് ശര്‍മയുമാണ് ലങ്കയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.
ishant sharma