വീപ്പകൾ കാണാനില്ല; മാലിന്യം വീണ്ടും വഴിയിൽത്തന്നെ

എരുമേലി ∙ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന വീപ്പകൾ അപ്രത്യക്ഷമായതിനെ തുടർന്നു പാതയോരങ്ങളിൽ മാലിന്യം തള്ളുന്നു. വീപ്പകൾ മോഷ്ടിക്കപ്പെട്ടതും കുറെയെണ്ണം കാലഹരണപ്പെട്ടതുമാണു പ്രശ്മായിരിക്കുന്നത്. എട്ടു വർഷം മുൻപാണ് എരുമേലി, മുക്കൂട്ടുതറ, മണിപ്പുഴ, കരിങ്കല്ലുമ്മൂഴി, കെഎസ്ആർടിസി – സ്വകാര്യ സ്റ്റാൻഡുകൾ, പമ്പാവാലി, ചരള, കൊരട്ടി എന്നിവിടങ്ങളിലായി നൂറുകണക്കിനു വീപ്പകൾ സ്ഥാപിച്ചത്. ഇതോടെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത അവസാനിക്കുകയും ചെയ്തു. എന്നാൽ, നൂറു ലീറ്റർ സംഭരണശേഷിയുള്ളതും ഈടുറപ്പുള്ളതുമായ വീപ്പകൾ മോഷണംപോകാൻ അധികം താമസം വേണ്ടിവന്നില്ല.

ചില സ്ഥലങ്ങളിൽ അസൗകര്യം നിമിത്തം വീപ്പകൾ എടുത്തു മാറ്റുകയും ചെയ്തു. ഇപ്പോൾ, കാലഹരണപ്പെട്ടെന്ന പേരിൽ കുറെ വീപ്പകൾ പഞ്ചായത്ത് എടുത്തു മാറ്റുകയും ചെയ്തിരിക്കുകയാണ്. അടുത്ത മണ്ഡലകാലത്തിനകം കൂടുതൽ വീപ്പകൾ സ്ഥാപിച്ചില്ലെങ്കിൽ മാലിന്യപ്രശ്നം ഗുരുതരമാകും. വീപ്പകളിൽ ഇടുന്ന മാലിന്യം ഓരോ ദിവസവും പഞ്ചായത്തുവക ലോറി എത്തി നീക്കംചെയ്യുന്നുണ്ട്. ഈ മാലിന്യം കവുങ്ങിൻകുഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് എത്തിക്കുന്നത്.