വൃത്തിയിൽ വെള്ളം ചേർക്കരുത്

കൊച്ചിയിലെ ലെസി ഷോപ്പുകളിലും മൊത്തവിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.

താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധിക്കുക.

ജ്യൂസ് കടകൾക്കും വഴിയോര വിൽപനശാലകൾക്കും റജിസ്ട്രേഷനും ലൈസൻസും ഉണ്ടോ ?
ജ്യൂസും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ.
കടകളിൽ വിൽക്കുന്ന സാധനങ്ങൾ എവിടെനിന്നു വാങ്ങി എന്നതിന്റെ രേഖകളും ബില്ലും.

റജിസ്ട്രേഷൻ വേണം

വേനലിൽ വഴിയോരത്തും മറ്റും തുടങ്ങുന്ന താൽക്കാലിക ശീതളപാനീയ കടകൾക്കു ഭക്ഷ്യസുരക്ഷാ വകുപ്പ് റജിസ്ട്രേഷൻ നിർബന്ധമാക്കി.വിൽപനശാലകൾ 20 വ്യവസ്ഥകൾ പാലിക്കണമെന്നു ഭക്ഷ്യസുരക്ഷാ ജില്ലാ നോഡൽ ഓഫിസർ ഡോ. സുമിൻ ജോസ് പറഞ്ഞു. സ്ഥിരം ശീതളപാനീയ കടകൾക്കു റജിസ്ട്രേഷൻ കൂടാതെ ഭക്ഷ്യസുരക്ഷാ ലൈസൻസും നിർബന്ധമാണ്. ഇതു ജനങ്ങൾക്കു കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.

വെയിലത്തു വയ്ക്കരുത്
പ്ലാസ്റ്റിക് കുപ്പികളിലുള്ള വെള്ളവും മറ്റു ശീതളപാനീയങ്ങളും വെയിലത്തു കിടന്നാൽ വിഷമയമായി മാറുമെന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നേരിട്ട് വെയിലടിക്കുന്ന വിധത്തിൽ ശീതളപാനീയങ്ങളും മിനറൽ വാട്ടർ കുപ്പികളും പ്രദർശിപ്പിക്കാൻ പാടില്ലെന്നാണു ചട്ടം. അല്ലെങ്കിൽ പ്രദർശിപ്പിക്കുന്നവ വിൽപന നടത്തരുത്.

ശീതളപാനീയങ്ങൾ വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്

∙ ശീതളപാനീയമുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും നിശ്‌ചിത ഗുണനിലവാരം ഉള്ളവ ആയിരിക്കണം.

∙ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, കശുവണ്ടി, മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവ ഭക്ഷ്യസുരക്ഷാ ലൈസൻസും റജിസ്‌ട്രേഷനുമുള്ള സ്‌ഥാപനങ്ങളിൽ നിന്നു മാത്രമേ വാങ്ങാവൂ. വാങ്ങിയതിന്റെ ബിൽ സൂക്ഷിക്കണം.

∙ ശുദ്ധമായ സ്രോതസ്സിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചേ ജ്യൂസ് നിർമിക്കാവൂ. ഈ വെള്ളം ആറു മാസത്തിൽ ഒരിക്കൽ വകുപ്പ് അംഗീകരിച്ച അനലറ്റിക്കൽ ലാബുകളിൽ പരിശോധിച്ചു ശുദ്ധമാണെന്ന് ഉറപ്പാക്കി റിപ്പോർട്ട് കടയിൽ സൂക്ഷിക്കണം.

∙ വെള്ളം ഉൾപ്പെടെ എല്ലാ ഭക്ഷ്യവസ്‌തുക്കളും ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കണം. ജ്യൂസിനു വേണ്ടി വാങ്ങുന്ന പഴങ്ങൾ നന്നായി കഴുകി ഫ്രിജിൽ സൂക്ഷിക്കണം.

∙ ഐസ് സൂക്ഷിക്കാൻ തെർമോകോൾ പെട്ടികൾ ഉപയോഗിക്കാൻ പാടില്ല. മുറിച്ച പഴങ്ങളും ജ്യൂസും അധിക സമയം ഫ്രീസറിൽ സൂക്ഷിക്കരുത്. അങ്ങനെ വയ്‌ക്കേണ്ടിവന്നാൽ അടപ്പുള്ള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ വയ്‌ക്കണം. ആ ഫ്രീസറിൽ മറ്റു സാധനങ്ങൾ വയ്ക്കാൻ പാടില്ല.

∙ ഫ്രീസറിൽ വച്ചു കട്ടിയാക്കിയ പായ്‌ക്കറ്റ് പാൽ, കാലാവധി കഴിഞ്ഞിട്ടു ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കരുത്.

∙ ജ്യൂസ് കടകളിലെ ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ ഉണ്ടായിരിക്കണം.

∙ മലിനജലം പുറത്തേക്ക് ഒഴുക്കരുത്.

ഭക്ഷ്യ വസ്തുക്കളെപ്പറ്റി പരാതി അറിയിക്കാൻ ഫോൺ നമ്പർ

ജില്ലാ നോഡൽ ഓഫിസർ : 7593873354 – സർക്കിൾ ഓഫിസുകൾ : ഏറ്റുമാനൂർ – 8943346542, കാഞ്ഞിരപ്പള്ളി – 8943346541, കോട്ടയം – 8943346586, പാലാ – 8943346543, ചങ്ങനാശേരി – 8943346587, കടുത്തുരുത്തി – 7593873339, പൂഞ്ഞാർ – 7593873319, വൈക്കം – 7593873316, പുതുപ്പള്ളി – 8943346199 – 1800 425 1125 (ടോൾ ഫ്രീ നമ്പർ)

മൂന്നുവർഷം തടവ്

ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഭക്ഷ്യ സാധനങ്ങൾ വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കേസെടുക്കാം. കുറ്റത്തിന്റെ വ്യാപ്തി കണക്കാക്കി മൂന്നു വർഷമോ അതിലധികമോ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ഈടാക്കാൻ വകുപ്പുണ്ട്.