വൃശ്ചികക്കുളിരിൽ അലിഞ്ഞ് ഭക്തഹൃദയങ്ങൾ

കോട്ടയം ∙ ക്ഷേത്രങ്ങൾ വൃശ്ചികപ്പുലരിയിലേക്കു നട തുറന്നു. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലെല്ലാം ശബരിമല തീർഥാടകരുടെ തിരക്കും കൂടി. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ, ചിറക്കടവ്, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ ക്ഷേത്രങ്ങളിൽ അയ്യപ്പന്മാർക്കു ദർശനത്തിനും വിരിവയ്ക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ ആദ്യദിവസം തന്നെ ഏർപ്പെടുത്തിയിരുന്നു.

വൈക്കം മഹാദേവ ക്ഷേത്രം

∙ തീർഥാടകർക്കു വിരിവയ്ക്കാൻ ഉൗട്ടുപുരയും കലാമണ്ഡപവും അഷ്ടമിപ്പന്തലും ഉപയോഗിക്കുന്നുണ്ട്. സുരക്ഷയ്ക്കായി 13 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. നാലു ഗോപുരങ്ങളിലും ക്യാമറകൾ ഉണ്ട്. ക്ഷേത്രസംരക്ഷണസമിതി, അയ്യപ്പ സേവാസംഘം എന്നീ സംഘടനകൾ ചുക്കുവെള്ള വിതരണവും ആരംഭിച്ചു. ഇന്നലെ രാവിലെ എത്തിയ ഭക്തർക്കു മുഴുവൻ പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും കാപ്പിയും ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നൽകി.

അയ്യപ്പഭക്തർക്കു കുളിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ശുചിമുറികൾക്കു പുറമേ കൂടുതൽ ശുചിമുറികളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ഉപദേശകസമിതിയും ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്. കെഎസ്‍ആർടിസി വൈക്കം ഡിപ്പോയിൽ നിന്നു പമ്പ സർവീസ് ആരംഭിച്ചു. കൂടുതൽ 10 ബസുകൾ കൂടി ആവശ്യപ്പെട്ടു.

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം

∙ ക്ഷേത്രത്തിൽ പുലർച്ചെ നാലിനു നട തുറന്നു. പുലർച്ചെ മുതൽ തിരക്കനുഭവപ്പെട്ടു. ദർശനസമയം പുലർച്ചെ നാലു മുതൽ ഉച്ചയ്ക്കു 12 മണിവരെയും വൈകിട്ടു നാലു മുതൽ എട്ടു വരെയുമാണ്. തീർഥാടകർക്കു കെട്ടു നിറയ്ക്കുന്നതിനും ശാസ്താനടയിൽ നീരാജനം വഴിപാട്, സർപ്പപ്രീതിക്കു സർപ്പംപാട്ട് മുതലായ വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവപ്രസാദങ്ങളായ അരവണയും അപ്പവും ആടിയ എണ്ണയും നൽകുന്നതിനു മണ്ഡല–മകരവിളക്കു കാലയളവിൽ 24 മണിക്കൂറും വഴിപാടു കൗണ്ടർ പ്രവർത്തിക്കും.

വൃശ്ചികപ്പുലരിയിൽ കടപ്പാട്ടൂർ ക്ഷേത്രദർശനത്തിനായി എത്തിയ അയ്യപ്പഭക്തർ.
കൗണ്ടറുകൾ ഇന്നലെ ആരംഭിച്ചു. ശബരിമല തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായിട്ടാണ് ഇവിടെ നൽകുന്നത്. രാവിലെ ഒൻപതു മുതലും വൈകിട്ട് ഏഴു മുതലും അന്നദാനം ഉണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനും വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യങ്ങളുണ്ട്. ആയുർവേദ – ഹോമിയോ – അലോപ്പതി ഡിസ്‌പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

തിരുനക്കര മഹാദേവ ക്ഷേത്രം

∙ ക്ഷേത്ര മൈതാനത്തു വാഹന പാർക്കിങ്ങിനു സൗകര്യം ഏർപ്പെടുത്തി. അയ്യപ്പനടയിൽ കെട്ടുനിറയ്ക്കുന്നതിന് എല്ലാ ദിവസവും അഞ്ചു ഗുരുസ്വാമിമാരുടെ സേവനം ഉണ്ടായിരിക്കും. ശുചിമുറികൾ സജ്ജമാക്കി. വൈകിട്ട് ഏഴിന് അന്നദാനവും ആരംഭിച്ചു. ക്ഷേത്രമൈതാനത്തു നിന്നു രാത്രി പമ്പയിലേക്കു കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. മൈതാനത്തു വാഹന പാർക്കിങ്ങിനും ക്രമീകരണം ഉണ്ട്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

∙ മഹാദേവ ക്ഷേത്രത്തിൽ രണ്ടായിരത്തിലേറെ പേർക്കു വിരിവയ്ക്കുന്നതിനു സൗകര്യം ഒരുക്കി. കൈലാസ് ഓഡിറ്റോറിയത്തിനു പുറമേ ക്ഷേത്രമൈതാനത്തു താൽക്കാലിക വിരിപ്പന്തൽ നിർമിച്ചു. 24 മണിക്കൂറും ശുദ്ധജലവിതരണം തുടങ്ങി. ഡോക്ടർമാരുടെ മുഴുവൻസമയ സേവനവുമുണ്ട്. നഗരസഭയുടെ നേത‍ൃത്വത്തിൽ ശുചീകരണം തുടങ്ങി. വൈകിട്ട് അന്നദാനം ആരംഭിച്ചു. താൽക്കാലിക ജൈവശുചിമുറികൾ സ്ഥാപിക്കുന്നതിനു പണിതുടങ്ങി. ആരോഗ്യപ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കാൻ ക്യാംപുകൾ തുറന്നു. ഗതാഗതം സുഗമമാക്കാൻ റോഡുകളിൽ സീബ്രാ വരകൾ വരച്ചു.

എരുമേലി ക്ഷേത്രം

എരുമേലി ∙ ശരണം വിളികൾ കേട്ട് എരുമേലിയിൽ വൃശ്ചികമുണർന്നു. തത്വമസിയുടെ പൊരുൾ തേടുന്ന ഭക്തനെ പൊതിഞ്ഞ് ഇന്നലെ അസാധാരണമായൊരു തണുപ്പുണ്ടായിരുന്നു. ഓരോ ഭക്തനും ആ തണുപ്പിന്റെ കാഠിന്യം മറന്ന് ശരണം വിളികളിലായി. പുണ്യപാപച്ചുമടുകൾ താണ്ടുന്ന യാത്രയിൽ ഭക്തർ ഋതുഭേദങ്ങൾ അറിഞ്ഞില്ല.

ശരണകീർത്തനങ്ങൾ ചൊല്ലി അവർ മല ചവിട്ടി. ഇന്നലെ രാവിലെ മുതൽ എരുമേലിയിൽ വൻ‌തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർ എത്തിക്കൊണ്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തസംഘങ്ങൾ കൂടുതലായി എത്തി. എന്നാൽ കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവു കുറവായിരുന്നു. ശുചിത്വത്തിനാണ് ഇത്തവണ പ്രാമുഖ്യം. പൊലീസുകാർ നേരിട്ടു ശുചീകരണം നടത്തുന്ന കാഴ്ച കൗതുകം പകർന്നു. സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു.

പുണ്യം പൂങ്കാവനം

∙ പുണ്യം പൂങ്കാവനം പദ്ധതിയിൽ പെടുത്തി പൊലീസ്, എംഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. എരുമേലിയിൽ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോളജിൽ നിന്നെത്തിയ പെൺകുട്ടികൾ അടക്കമുള്ളവരും പൊലീസുകാരും ടൗൺ ശുചീകരണത്തിൽ ഏർപ്പെട്ടു. എല്ലാ ദിവസവും മാലിന്യം മാറ്റാനാണു തീരുമാനം. ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു. സിഐ ടി.ഡി.സുനിൽകുമാർ, എസ്ഐ മനോജ് മാത്യു എന്നിവർ നേതൃത്വംനൽകി.

പൊലീസ് കൺട്രോൾ റൂം

∙ തീർഥാടകരുടെ സുരക്ഷ മുൻനിർത്തി പൊലീസ് കൺട്രോൾ റൂം ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക് ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ, കുറ്റകൃത്യം എന്നിവ നിരീക്ഷിക്കാൻ കൺട്രോൾ റൂമിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ്

∙ എരുമേലി മുതൽ പമ്പ വരെയുള്ള ശബരിമല പാതയ്ക്കു കൂടുതൽ പ്രാമുഖ്യം നൽകി മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി ആരംഭിച്ചു. പാതകളിലുടനീളം വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ യൂണിറ്റ് ഉണ്ടാവും. അപകടം കുറയ്ക്കാൻ മാർഗനിർദേശം നൽകും. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ.ജി.സാമുവൽ സേഫ് സോൺ ഓഫിസ് ഉദ്ഘാടനം ചെയ്തു. എൻഫോഴ്സ്മെന്റ് ആർടിഒ കെ.എം.ഷാജി, ആർടിഒ പ്രേമാനന്ദൻ, ജോ. ആർടിഒ വി.എം.ചാക്കോ, എംവിഐ ഷാനവാസ് കരിം എന്നിവർ പ്രസംഗിച്ചു.

അന്നദാനം

∙ അയ്യപ്പസേവാസമാജത്തിനു കീഴിൽ അന്നദാനം ആരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി വരെ അന്നദാനം നടക്കും. പദ്ധതി ഓൾ ഇന്ത്യ ഓർഗനൈസിങ് സെക്രട്ടറി വി.കെ.വിശ്വനാഥ യോഗം ഉദ്ഘാടനം ചെയ്തു, അന്നദാനം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ശുദ്ധജല വിതരണം പഞ്ചായത്തു പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു. എസ്.മനോജ്, നോബിൾ മാത്യു, വി.സി.അജികുമാർ, എം.കെ.അരവിന്ദാക്ഷൻ, ബി.ഹരി എന്നിവർ പ്രസംഗിച്ചു. ടാക്സി വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ചു കോട്ടയം

∙ മണ്ഡല–മകരവിളക്കു കാലത്തു ശബരിമല, പമ്പ എന്നിവിടങ്ങളിലേക്കു ടാക്സി വാഹനങ്ങളുടെ നിരക്കു നിശ്ചയിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. വാഹനം, കോട്ടയത്തു നിന്ന് എരുമേലി വരെ, കോട്ടയത്തു നിന്നു പമ്പ വരെ, കോട്ടയത്തു നിന്നു പമ്പ വരെയും എരുമേലി വഴി തിരിച്ചും നിരക്കുകൾ ക്രമത്തിൽ.

∙ ടാക്സി കാർ (അഞ്ച് സീറ്റ്)–1365 രൂപ, 2800 രൂപ, 3390 രൂപ

∙ ബസ് (49 സീറ്റ്): 7330, 11620, 14240

∙ വാൻ (12 സീറ്റ്):

∙ 2680, 5355, 6020.

∙ മിനി ബസ് (19 സീറ്റ്): 3685, 6800, 7800.