വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നത് തടയണമെന്ന് കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി: വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നത് തടയണമെന്ന് കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെളിച്ചെണ്ണ വില വന്‍തോതില്‍ വര്‍ധിച്ചതോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ മായംകലര്‍ത്തിയ വെളിച്ചെണ്ണയുടെ വില്‍പ്പന വ്യാപകമാവുന്നതായി കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. പരിശോധന നടത്തേണ്ട അധികൃതര്‍ നിസംഗത പുലര്‍ത്തുന്നതായും ഇവര്‍ ആരോപിച്ചു.

വിവിധ പേരുകളില്‍ പായ്ക്കറ്റുകളായി ലഭിക്കുന്ന വെളിച്ചെണ്ണയിലാണ് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നത്. ലിക്വിഡ് പാരഫൈന്‍, പാം കേര്‍ണല്‍ ഓയില്‍, റബര്‍ക്കുരു എണ്ണ, മോട്ടോര്‍ വര്‍ക്ക് ഷോപ്പുകളില്‍ ഉപയോഗിക്കുന്ന പാരഫിന്‍ ഓയില്‍ എന്നിവയാണ് വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത്. മായം കലര്‍ന്ന വെളിച്ചെണ്ണയുടെ നിരന്തര ഉപയോഗം കാന്‍സര്‍ , കിഡ്നി തകരാറടക്കം ഓട്ടേറെ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതായും യോഗം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് ജമാല്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനോ വാഴയ്ക്കന്‍, കുര്യന്‍ പി. കുര്യന്‍, ജോബി എബ്രാഹാം, സക്കീര്‍ ചങ്ങംപള്ളി, അഡ്വ.ജോര്‍ജ് വി. തോമസ്, അജിത് കടക്കയം എന്നിവര്‍ പ്രസംഗിച്ചു .